ബിൽഡിങ് മെറ്റീരിയൽ സൊസൈറ്റിയിലെ ക്രമക്കേട്; മുൻ ജീവനക്കാരി അറസ്റ്റിൽ
text_fieldsകെ.കെ.ശൈലജ
ചക്കരക്കല്ല്: ചക്കരക്കൽ ആസ്ഥാനമായുള്ള ബിൽഡിങ് മെറ്റീരിയൽ സൊസൈറ്റിയിൽ നടന്ന ക്രമക്കേടിനോടനുബന്ധിച്ച് മുൻ ജീവനക്കാരി അറസ്റ്റിൽ. അറ്റൻഡർ പടുവിലായിൽ കെ.കെ. ശൈലജയാണ് അറസ്റ്റിലായത്. ഇവർ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഒളിവിലായിരുന്നു. വ്യാഴാഴ്ച രാവിലെ ശൈലജ നേരിട്ട് ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റിലായ മുൻ സെക്രട്ടറി ഷാജി ഇപ്പോഴും റിമാൻഡിലാണ്.
സഹകരണ വകുപ്പ് ജോ. ഡയറക്ടറുടെ പരാതിയിൽ ബാങ്കിലെ രണ്ടുപേർക്കെതിരെയാണ് കേസുള്ളത്. രണ്ടുപേരും പിടിയിലായിട്ടുണ്ട്. മുന്നേ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിക്ഷേപകർ കൂട്ടമായി ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. കോൺഗ്രസ് ഭരിക്കുന്ന ബാങ്കായതിനാൽ നിക്ഷേപകർ രണ്ടുതവണ കണ്ണൂർ ഡി.സി.സി ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
ഷാജിയുടെ കക്കോത്തുള്ള വീട്ടിലും ശൈലജയുടെ പടുവിലായിലുള്ള വീട്ടിലും അന്വേഷണസംഘം റെയ്ഡ് നടത്തി. ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ടിട്ടുള്ള നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. 2023-24 വർഷത്തെ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. എട്ടുകോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. നിരവധി നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ചക്കരക്കൽ ടൗണിൽ പ്രവർത്തിക്കുന്ന ബാങ്ക് ആയതിനാൽ ടൗണിലെ സ്ഥിര ഡെപ്പോസിറ്റ് ഇനത്തിലും കച്ചവടക്കാർക്കും തൊഴിലാളികൾക്കും വൻ തുക നഷ്ടപ്പെട്ടിട്ടുണ്ട്.