പന്നിശല്യം; പൊറുതിമുട്ടി കർഷകർ
text_fieldsഏച്ചൂർ കമാൽ പീടികക്ക് സമീപം കരുവാങ്കണ്ടി കെ. രജീഷിന്റെ വാഴ കൃഷിയിടം പന്നികൾ നശിപ്പിച്ച നിലയിൽ
ചക്കരക്കല്ല്: പന്നികളുടെ ശല്യത്തിൽ പൊറുതിമുട്ടുകയാണ് കർഷകർ. പ്രദേശങ്ങളിലെ മിക്ക കൃഷി സ്ഥലങ്ങളിലെയും കാർഷിക വിളകൾ പൂർണമായും പന്നികൾ നശിപ്പിച്ചിരിക്കുകയാണ്. ഏച്ചൂർ കമാൽ പീടികക്ക് സമീപം കരുവാങ്കണ്ടി കെ. രജീഷിന്റെ വാഴകൃഷിയാണ് പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചത്.
അര ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്ത നൂറോളം വാഴകളിൽ 25 ഓളം വാഴകൾ ഇതിനകം പന്നികൾ നശിപ്പിച്ചു കഴിഞ്ഞു. ധനീഷ്, ഷാജു എന്നിവരുടെ വാഴകളും നശിപ്പിച്ചിരുന്നു. പതിനായിരത്തിലധികം രൂപയോളം നഷ്ടം സംഭവിച്ചെന്നും 25 ഓളം വാഴകൾ നശിപ്പിച്ചതായും ബാക്കി വാഴകളും അടുത്തു തന്നെ നശിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കർഷകനായ രജീഷ് പറഞ്ഞു.
പന്നികളെ വെടിവെക്കുന്നതിന് വേണ്ടി പഞ്ചായത്ത് അധികൃതർക്ക് അപേക്ഷിച്ചെങ്കിലും യാതൊരു നടപടി ഉണ്ടായില്ലെന്നും അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ എന്നെ പോലുള്ള യുവകർഷകർ ഈ രംഗത്ത് നിന്ന് പിന്മാറുകയല്ലാതെ മാർഗം ഇല്ലെന്നും രജീഷ് പറഞ്ഞു. വാഴകൾ പൂർണമായും നശിപ്പിച്ച് അവയുടെ കാമ്പുകൾ തിന്നുന്ന ഒരു രീതിയാണ് പന്നികൾ ചെയ്തുവരുന്നത്.