ഈ മാലിന്യവണ്ടി മാറ്റിത്തരുമോ?
text_fieldsമുഴപ്പാല റോഡിലെ ബി.എം ആശുപത്രിക്കു സമീപം റോഡരികിൽ നിർത്തിയിട്ട ലോറിയിലെ മാലിന്യം
ചക്കരക്കല്ല്: ദയവായി ഈ മാലിന്യവണ്ടി ഒന്ന് മാറ്റിത്തരുമോ? -ചക്കരക്കൽ-മുഴപ്പാല റോഡിലെ അപ്പക്കടവ് നിവാസികളാണ് അധികൃതരോട് ഇങ്ങനെ ചോദിക്കുന്നത്. മുഴപ്പാല റോഡിലുള്ള ബി.എം ആശുപത്രിക്കു സമീപത്തെ കടയിൽ വർഷങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന ലോറിയാണ് നാട്ടുകാർക്ക് ഇന്ന് തലവേദനായി മാറിയിരിക്കുന്നത്. ലോറിയുടെ മെക്കാനിക്കൽ പ്രവൃത്തിക്ക് വേണ്ടിയാണ് കടയിൽ എത്തിച്ചത്.
എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും ഈ ലോറി ഇവിടെ നിന്ന് കൊണ്ടുപോയില്ല. ഇതോടെ ഇതുവഴി പോവുന്നവർ ലോറിയെ മാലിന്യവണ്ടിയാക്കി മാറ്റി. പ്ലാസ്റ്റിക്ക് കുപ്പികളടക്കമുള്ള മാലിന്യങ്ങൾ വ്യാപകമായി നിക്ഷേപിക്കാൻ തുടങ്ങി. മഴ പെയ്താൽ ലോറിയിൽ വെള്ളം നിറഞ്ഞ് ദുർഗന്ധം പുറത്തേക്ക് വമിക്കുകയും കൊതുകുശല്യം ഏറുകയും ചെയ്യുന്നു. ലോറിയുടമയെ ബന്ധപ്പെടാൻ കടക്കാരൻ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. പ്രശ്നത്തിന് ഉടൻ പരിഹാരം വേണമെന്നാണ് നാട്ടുകാർ പറയുന്നത്.