വെടിയൊച്ചകള്‍ക്കു നടുവില്‍നിന്ന് അഫ്സന തിരിച്ചെത്തി
text_fieldsഅഫ്സന
ചെറുപുഴ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെ ജീവനും കൈയിൽപിടിച്ച് നാട്ടിലേക്കു തിരിച്ച മലയാളി വിദ്യാര്‍ഥികളില്‍ ഒരാള്‍കൂടി നാടിന്റെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തി. കണ്ണൂര്‍ പെരിങ്ങോം സ്വദേശി കെ. അഫ്സനയാണ് ജമ്മു-കശ്മീരില്‍നിന്നും കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയത്. യുദ്ധഭീതി നിറഞ്ഞ അന്തരീക്ഷത്തില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച ദിവസത്തെ ആ രാത്രി മുഴുവന്‍ മൂളിപ്പറക്കുന്ന പാക് ഡ്രോണുകളുടെയും അവയെ തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുന്നതിന്റെയും ഭീതിദമായ നിമിഷങ്ങള്‍ക്ക് സാക്ഷിയേകേണ്ടി വന്നതിന്റെ നടുക്കം വിട്ടുമാറാതെയാണ് അഫ്സന നാട്ടിലേക്ക് തിരിച്ചെത്തിയത്.
സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് ജമ്മുവില്‍ പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് ബോട്ടണി വിദ്യാര്‍ഥിനിയാണ് അഫ്സന. സാംബ ജില്ലയിലെ വിജയ്പുരയില്‍ സഹപാഠികള്‍ക്കൊപ്പം വീടെടുത്ത് താമസിച്ചാണ് പഠിച്ചിരുന്നത്. അവസാന വര്‍ഷ പരീക്ഷകള്‍ക്കുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് യുദ്ധസമാന സാഹചര്യം ഉടലെടുത്തത്. യുദ്ധം ആസന്നമാണെന്ന സൂചന ലഭിച്ചതോടെ നാട്ടിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പ് തുടങ്ങിയിരുന്നു. പെട്ടെന്നാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചത്.
ബ്ലാക്ക് ഔട്ടിന്റെ മോക് ഡ്രില്‍ പ്രഖ്യാപിച്ച ദിവസമായിരുന്നു അതിര്‍ത്തിയില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. രാത്രി മുഴുവന്‍ ഡ്രോണിന്റെ ശബ്ദവും വെടിയൊച്ചകളും കേട്ട് ഭിതിയോടെ കഴിയുകയായിരുന്നു. പുലർച്ച മൂന്നു വരെയും നിലക്കാതെ വെടിയൊച്ചകള്‍ മുഴങ്ങിയിരുന്നതായി അഫ്സന പറയുന്നു. കാസർകോട് നായന്മാര്മൂല ഹയര്‍സെക്കൻഡറി സ്കൂള്‍ ചരിത്രാധ്യാപികയും എഴുത്തുകാരിയുമായ എം.എ. മുംതാസിന്റെ മകളാണ് അഫ്സന. സഹോദരന് ഫൈസല്‍ സൂറത്കല്‍ എന്‍.ഐ.ടിയില്‍ എം. ആര്‍ക്ക് വിദ്യാര്‍ഥിയാണ്.