പരാതികള്‍ക്കൊടുവില്‍ പണി തുടങ്ങി
text_fieldsചെറുപുഴ കാക്കേഞ്ചാല്‍ ഭാഗത്ത് റോഡിന്റെ അരിക് തകര്‍ന്ന ഭാഗത്ത് നടക്കുന്ന കോണ്‍ക്രീറ്റ് പ്രവൃത്തി
ചെറുപുഴ: പെരിങ്ങോം മെയിന്‍ റോഡില്‍ കാക്കേഞ്ചാല്‍ വളവിലെ തകര്‍ന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങി. ഓവുചാലുണ്ടായിട്ടും റോഡിലൂടെ വെള്ളം കുത്തിയൊഴുകി പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന പ്രവൃത്തിയും ഓവുചാല്‍ നവീകരണവുമാണ് ഇപ്പോള്‍ നടക്കുന്നത്.
150 മീറ്ററോളം ദൂരത്തിലാണ് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നത്. റോഡിന്റെ അരികുവശം ഇടിഞ്ഞ് താഴ്ന്നതും കുഴികള്‍ രൂപപ്പെട്ടതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. റോഡിന്റെ തകര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതര്‍ നടപടി എടുക്കാത്തതും പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.
ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും അപകടത്തില്‍പ്പെടുന്നതും പതിവായിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് അധികൃതര്‍ ഇടപെട്ട് കഴിഞ്ഞദിവസം മുതല്‍ അറ്റകുറ്റപ്പണി തുടങ്ങിയത്. ഇതിന്റെ മറുഭാഗത്തും മഴവെള്ളം കുത്തിയൊഴുകി വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ ഈ ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും മണ്ണും വെള്ളവും ഒഴുകിയെത്താറുണ്ട്. ഇവിടെ പേരിന് പോലും ഓവുചാലില്ല. നിലവില്‍ റോഡ് മെയിന്റനന്‍സില്‍ ഉള്‍പ്പെടുത്തി ഒരുഭാഗത്തെ അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നത്.