സ്ഥാനാര്‍ഥിയുടെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി
text_fieldsസ്‌ഫോടകവസ്തു എറിഞ്ഞ വീട്ടിൽ ചെറുപുഴ പൊലീസ് പരിശോധന നടത്തുന്നു
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സി.പി.എം നേതാവുമായ കെ. ദാമോദരന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. വെള്ളി രാത്രി 11നായിരുന്നു സംഭവം. ചെറുപുഴ ടൗണിലുള്ള വീടിന്റെ കിടപ്പുമുറിക്ക് നേരെ രണ്ടുതവണയാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരു ഓട്ടോറിക്ഷ കടന്നുപോകുന്നത് കണ്ടെന്ന് ദാമോദരന്‍ പറഞ്ഞു.
മുറിയുടെ ജനല്‍ തുറന്നുകിടന്നിരുന്നതിനാല്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതിന്റെ അവശിഷ്ടങ്ങളും പുകയും മുറിയില്‍ നിറഞ്ഞു. വിവരമറിഞ്ഞ് ചെറുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. നിലവില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗമാണ് കെ. ദമോദരന്‍. സംഭവത്തില്‍ സി.പി.എം പ്രതിഷേധിച്ചു. ചെറുപുഴ ടൗണില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സി.പി.എം ആരോപിച്ചു.


