വീണ്ടും പടർന്നുപിടിച്ച് ഡെങ്കിപ്പനി
text_fieldsഡെങ്കിപ്പനി സ്ഥിരീകരിച്ച തിരുമേനിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഫോഗിങ് നടത്തുന്നു
ചെറുപുഴ: ഗ്രാമപഞ്ചായത്തില്‍ നാലുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അഞ്ചാം വാര്‍ഡിലെ ചുണ്ട പുഴയോരത്ത് രണ്ടുപേര്‍ക്കും തിരുമേനിയില്‍ രണ്ടുപേര്‍ക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തളിപ്പറമ്പ് ഡി.വി.സി യൂനിറ്റിന്റെ സഹകരണത്തോടെ കൊതുക് നശീകരണത്തിനായി ഫോഗിങ് നടത്തി.
കൊതുക് കൂത്താടി പരിശോധന, ഹെല്‍ത്ത് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം, കൊതുകിന്റെ ഉറവിട നശീകരണം എന്നിവയും നടത്തി. മലയോരത്ത് ഇടവിട്ടുള്ള വേനല്‍ മഴ ലഭിക്കുന്നതിനാല്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുകള്‍ പെരുകാന്‍ അനുകൂല സാഹചര്യമാണുള്ളതെന്നും കൊതുകു കടി ഏല്‍ക്കാതിരിക്കാന്‍ ജനങ്ങള്‍ വ്യക്തിഗത സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിർദേശിച്ചു.
പുളിങ്ങോം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. അരുണ്‍ അഭിലാഷ്, പഞ്ചായത്തംഗം കെ.ഡി. പ്രവീണ്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. മുഹമ്മദ് ഷെരീഫ്, എല്‍.എസ്. അശ്വതി, എസ്. ആര്യ, തളിപറമ്പ് ഡി.വി.സി യൂനിറ്റിലെ പി. രാജീവന്, രാജേഷ് കുമാര്‍, ഇ. പ്രസന്ന, വി. സിന്ധു, ആശാ വര്‍ക്കര്‍ എം. രജിത എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വ്യാഴാഴ്ച മൂന്നിന് പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ അറിയിച്ചു.