വീട്ടമ്മ മരിച്ച സംഭവം; ചെറുപുഴയില്‍ ഫോറന്‍സിക് സംഘത്തിന്റെ പരിശോധന
text_fieldsചെറുപുഴ പടത്തടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ റോസിലിയുടെ വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു
ചെറുപുഴ: പടത്തടത്ത് തനിച്ചു താമസിക്കുകയായിരുന്ന വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചെറുപുഴ പൊലീസിന്റെ തുടര്‍നടപടി പുരോഗമിക്കുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ഇവര്‍ താമസിച്ചിരുന്ന വീട്ടിലും ഫോറന്‍സിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തി.
ഹോം നഴ്സായി ജോലി ചെയ്യുന്ന ചെറുപുഴ പടത്തടത്തെ പാമ്പയ്ക്കല്‍ റോസിലിയെയാണ് (58) കഴിഞ്ഞദിവസം വീടിന് സമീപത്തെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രയരോത്ത് താമസിക്കുന്ന മകന് ജോമോന് ഫോണില്‍ അമ്മയെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്നു ഞായറാഴ്ച വൈകീട്ട് അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനോട് ചേര്‍ന്നുള്ള ആൾത്താമസമില്ലാത്ത പറമ്പില്‍ മരിച്ചനിലയില്‍ കണ്ടത്.
മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് ചെറുപുഴ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിങ്കളാഴ്ച രാവിലെ കണ്ണൂരില്‍നിന്ന് ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധനും പൊലീസ് നായും സ്ഥലത്തെത്തി തുടര്‍ പരിശോധന നടത്തി.