ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം ചെറുപുഴ ടൗണിലും
text_fieldsചെറുപുഴ ടൗണിലെ വ്യാപാര സ്ഥാപനത്തിനു പിന്നില്‍ കണ്ടെത്തിയ ആഫ്രിക്കന്‍ ഒച്ചുകള്‍
ചെറുപുഴ: കാര്‍ഷികമേഖലക്ക് ഭീഷണിയായി ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം ചെറുപുഴ ടൗണിലും. ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരസമുച്ചയത്തിന്റെ പിന്നില്‍ തിരുമേനി പുഴയോട് ചേര്‍ന്നാണ് നൂറുകണക്കിന് ഒച്ചുകളെ കണ്ടെത്തിയത്.
കഴിഞ്ഞദിവസം പുളിങ്ങോം ടൗണിലും പരിസരങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ടൗണിലെ വ്യാപാരിയായ കെ. നിയാസ് ഇവയെ തിരിച്ചറിയുകയായിരുന്നു. സന്ധ്യയായാല്‍ ഇവ കൂട്ടത്തോടെ ഇറങ്ങിവരുകയാണെന്ന് നിയാസ് പറഞ്ഞു.
ഇവിടെ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനു വേണ്ടി ഇറക്കിയിട്ട വിറകുകള്‍ക്കിടയിലാണ് ഒച്ചുകളിലേറെയും തമ്പടിച്ചിട്ടുള്ളത്. കൃഷിയിടങ്ങളില്‍ വ്യാപകമായി നാശം വിതക്കാന്‍ കെൽപുള്ളവയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. കഴിഞ്ഞ വര്‍ഷങ്ങളിലും ചെറുപുഴ ടൗണിലും പരിസരങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയിരുന്നു. അന്ന് അധികൃതര്‍ ഇടപെട്ട് ഇവയെ നശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞദിവസം പുളിങ്ങോം പാലാവയല് പാലത്തിന് സമീപമാണ് ആഫ്രിക്കന്‍ ഒച്ചുകളെ കര്‍ഷകര്‍ കണ്ടെത്തിയത്. പിന്നാലെ ടൗണിന്റെ സമീപ പ്രദേശങ്ങളിലും ഇവ ഉള്ളതായി കര്‍ഷകര്‍ അറിയിക്കുകയായിരുന്നു. ചെറുപുഴ ടൗണില്‍ കണ്ടെത്തിയവക്ക് അസാധാരണ വലുപ്പമുണ്ട്. ഇവ പെരുകിയാല്‍ വാഴയും കിഴങ്ങുവർഗങ്ങളും ഉള്‍പ്പെടെ തിന്നുനശിപ്പിക്കുമെന്നതാണ് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നത്. ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.