വിശാഖ പൂക്കളത്തിന് ശംഖുപുഷ്പം
text_fieldsശംഖുപുഷ്പം
പയ്യന്നൂർ: പയ്യന്നൂർ: ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ എന്ന ശകുന്തളയിലെ ഗാനം നിത്യഹരിതമാണ്. പൂവിന്റെ സൗന്ദര്യമാണ് കവിയെ ഇങ്ങനെ പാടാൻ പ്രേരിപ്പിച്ചത്. ഓണപ്പൂക്കളത്തിലും ഇടമുണ്ട് ഈ സുന്ദരിക്ക്. വിശാഖം നാളില്‍ ശംഖുപുഷ്പം, കോളാമ്പി, അരളി, ബാൾസം എന്നീ നാലിനം പൂക്കള്‍ ഉപയോഗിച്ചാണ് പൂക്കളമൊരുക്കേണ്ടത്.
നാല് ലെയറുള്ള പൂക്കളമായിരിക്കണം ഈ ദിവസം ഒരുക്കേണ്ടതെന്നും പഴയ തലമുറ പറയുന്നു.എന്നാൽ കളത്തിൽ പ്രധാനം ശംഖുപുഷ്പം തന്നെ. വള്ളിച്ചെടിയാണ് ശംഖുപുഷ്പം. വെള്ളയും നീലയും നിറത്തിലാണ് പൂക്കൾ. അടുത്ത കാലത്ത് മറ്റു നിറങ്ങളിലുള്ള പൂക്കളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംയുക്ത പത്രമായ ഇലക്ക് നാലിഞ്ചുവരെ നീളമുണ്ട്. ഇലയിടുക്കിൽ ഒറ്റക്കായാണ് പൂവിന്റെ സ്ഥാനം.
കേരളത്തിൽ എല്ലായിടങ്ങളിലും കാണപ്പെടുന്ന ഈ ചെടി മറ്റ് സസ്യങ്ങളിൽ ചുറ്റിപ്പടർന്ന് കയറുന്നു. പടർന്നു കയറി പൂവിടർത്തി നിൽക്കുന്ന കാഴ്ച നയനാനന്ദ ഹരമാണ്.വെള്ള പൂക്കൾക്ക് നല്ല വെള്ള നിറവും നിലക്ക് കടും നീല നിറവുമായതുകൊണ്ട് ഏറെ ആകർഷകമാണ് പൂക്കൾ. ശംഖുപുഷ്പവും സമൂലം ഔഷധ ഗുണമുള്ളതാണ്. നിരവധി ആയുർവേദ മരുന്നുകളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. പൂക്കൾ ഉപയോഗിച്ച് ശംഖുപുഷ്പം ചായ ഉണ്ടാക്കി കഴിച്ചാൽ ഓർമശക്തി കൂടുമെന്ന വിശ്വാസമുണ്ട്. ശാസ്ത്രനാമം ക്ലിറ്റോറിയ ടെർനേറ്റിയ. കുടുംബം പാപ്പിലിയോണേസ്യേ.