റോഡുകള്‍ കുത്തിപ്പൊളിച്ചാല്‍ നിയമ നടപടിയെന്ന് കോര്‍പറേഷന്‍
text_fieldsതകര്‍ന്ന മാനത്തൂര്‍ - മണിയാക്കും പാറ റോഡ്
കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയിലെ ടാറിംഗ് ചെയ്ത റോഡുകള്‍ വീണ്ടും കുത്തിപ്പൊളിച്ചാല്‍ നിയമപരമായ നടപടികളിലേക്ക് നീങ്ങാന്‍ ശനിയാഴ്ച ചേർന്ന കൗണ്‍സില്‍ യോഗത്തിൽ തീരുമാനം. കോര്‍പറേഷന്‍ ടാറിംഗ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡുകള്‍ ജലവിഭവ വകുപ്പ് പൈപ്പിടാനായി കുത്തിപ്പൊളിച്ചിട്ട് ഇത് വരെയും ഗതാഗതയോഗ്യമാക്കിയിട്ടില്ല.
കാലവര്‍ഷം അടുത്തിരിക്കുന്നതിനാല്‍ ഇനി ഒരു കാരണവശാലും റോഡ് കുത്തിപ്പൊളിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. റോഡ് പൂര്‍വസ്ഥിതിയിലാക്കേണ്ടത് വാട്ടര്‍ അതോറിറ്റിയുടെ ഉത്തരവാദിത്വമാണ്. നടപടി എടുത്തില്ലെങ്കില്‍ കൗണ്‍സിലര്‍മാര്‍ സമരത്തിനിറങ്ങുമെന്നും മുന്നറിയിപ്പ് നൽകി. വാട്ടര്‍ അതോറിറ്റി നല്‍കുന്ന കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതായും കൗണ്‍സിലര്‍ പരാതി ഉന്നയിച്ചു. വാട്ടര്‍ അതോറിറ്റിയുമായി അടിയന്തര യോഗം നടത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കാലവര്‍ഷമടുത്തിട്ടും റോഡ് ടാര്‍ ചെയ്യാനും അറ്റകുറ്റപ്പണിനടത്താനും സാധിക്കാത്തതില്‍ കൗണ്‍സിലര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചു. ടെന്‍ഡര്‍ ഏറ്റെടുത്ത പ്രവൃത്തിയും പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. കരാറുകാര്‍ പരിധിയിലധികം ടെന്‍ഡറുകള്‍ ഏറ്റെടുത്ത് പ്രവൃത്തികള്‍ താമസിപ്പിക്കുകയാണെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. യോഗ്യരായ കരാറുകാരെ കണ്ടെത്തി റോഡ് പണി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ഡെപ്യൂട്ടി മേയര്‍ കെ.പി. താഹിര്‍ പറഞ്ഞു.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അനധികൃതമായി റോഡ് കുത്തിപ്പൊളിക്കുന്നുണ്ടെന്നും ഇടപെടണമെന്നും റിഷാം താണ പരാതിപ്പെട്ടു. പയ്യാമ്പലം ബീച്ച് റോഡിലെ ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്ന ഉമേഷ് കണിയാങ്കണ്ടിയുടെ ആവശ്യത്തിന് വിഷയം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്ന് മേയര്‍ അറിയിച്ചു. കോര്‍പറേഷന്‍ പരിസരത്ത് അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യരുതെന്നും മേയര്‍ അറിയിച്ചു.
സ്‌റ്റേഡിയം കോര്‍ണറിലെ കാര്‍ പാര്‍ക്കിംഗ് കേന്ദ്രം ജൂണ്‍ 30നുള്ളില്‍ തുറന്ന് നല്‍കാമെന്ന് കരാറുകാര്‍ പറഞ്ഞിട്ടുണ്ടെന്ന് എ.ഇ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന് മേയര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ പരിതിയില്‍ മതിയായ ശുചീകരണ തെഴിലാളികളില്ലാത്തത് പ്രവൃത്തിയെ ബാധിക്കുന്നതായി കൗണ്‍സിലര്‍മാര്‍ പരാതി പറഞ്ഞു. സ്ഥിരം കണ്ടിജന്റ് ജീവനക്കാര്‍ നിരന്തരം ലീവെടുക്കുന്നതും കൃത്യസമയത്ത് ജോലിക്കെത്താത്തതും സോണലുകളിലെ ശുചീകരണത്തെ ബാധിക്കുന്നതായും പറഞ്ഞു. തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനും സമയക്രമീകരണത്തിനും ആവശ്യമായ നടപടികള്‍ എടുക്കാന്‍ മേയര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.യോഗത്തില്‍ സി. നിസാമി,സി.വി. റഫ്‌ന എന്നിവരും പങ്കെടുത്തു.


