മാതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരൻ
text_fieldsപ്രതി സതീശൻ
തലശ്ശേരി: വയോധികയായ മാതാവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഉളിയിൽ വെമ്പടിച്ചാൽ വീട്ടിൽ പാർവതി അമ്മയെ (86) ദാരുണമായി കൊലപ്പെടുത്തിയ കേസിൽ മകനായ കെ. സതീശനെയാണ് (49) തലശ്ശേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
മദ്യപാനിയായ പ്രതി സ്വത്ത് വിറ്റ് പണം ചെവവഴിച്ചതിനെ മാതാവ് ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണം. പാർവതി അമ്മയുടെ ഏകമകനാണ് പ്രതി സതീശൻ. 2018 മേയ് 13ന് വൈകീട്ട് മൂന്നരക്കാണ് കേസിനാധാരമായ സംഭവം. ചാവശ്ശേരിയിലെ സ്വന്തം വീട്ടിൽ വെച്ച് പ്രതി മാതാവിനെ കട്ടിലിൽ കിടത്തി ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വാരിയെല്ലുകൾ ഒടിയുകയും ചെയ്തു. കൃത്യം നടത്തുമ്പോൾ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ബന്ധുവും അയൽക്കാരനുമായ വിനീഷിന്റെ പരാതിയിൽ മട്ടന്നൂർ എസ്.ഐയായിരുന്ന ശിവൻ ചോടോത്താണ് കേസ് രജിസ്റ്റർ ചെയ്ത്.
ഡിവൈ.എസ്.പിമാരായിരുന്ന എ.വി. ജോൺ അന്വേഷണം നടത്തുകയും ജോഷി ജോസ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ഭാഗം 25 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും 12 തൊണ്ടി മുതലുകളും തെളിവിലേക്ക് ഹാജരാക്കി. പ്രതിയുടെ മകൾ എൻ.വി. ആര്യ, അയൽക്കാരായ വിജയൻ, രാജീവൻ, പ്രദീപൻ, ഫോറൻസിക് സർജൻ ഡോക്ടർ ഗോപാലകൃഷ്ണ പിള്ള, പൊലീസുകാരായ കെ. അനിൽ, കെ.വി. വിനോദ്, രൂപേഷ്, ഐഡിയ നോഡൽ ഓഫിസർ അഗസ്റ്റിൻ ജോസഫ്, ബി.എസ്.എൻ.എൽ നോഡൽ ഓഫിസർ കെ.എ. ഷോബിൻ, വില്ലേജ് ഓഫിസർ മുഹമ്മദ് അഫ്സൽ, പി.പി. ജോസഫ്, എ.എസ്.ഐ പ്രഭാകരൻ എന്നിവരായിരുന്നു കേസിലെ പ്രധാന സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.