Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിതിൻ രാജിന്റെ മരണം;...

നിതിൻ രാജിന്റെ മരണം; എസ്.സി, എസ്.ടി വകുപ്പ് ചേർത്ത് ക്രൈംബ്രാഞ്ച്

text_fields
bookmark_border
നിതിൻ രാജിന്റെ മരണം; എസ്.സി, എസ്.ടി വകുപ്പ് ചേർത്ത് ക്രൈംബ്രാഞ്ച്
cancel

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു. മരണകാരണം ജാതിപീഡനമെന്ന് കുടുംബം ആവർത്തിച്ചതോടെ കേസിൽ പട്ടികജാതി-വർഗ അതിക്രമം തടയൽ വകുപ്പും കൈംബ്രാഞ്ച് ചുമത്തി. ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി കെ. സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

ഇൻസ്പെക്ടർ ശിവൻ ചോടത്ത്, എസ്.ഐ സുധീഷ്, എ.എസ്.ഐ പുരുഷോത്തമൻ എന്നിവരടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്തെ വീട്ടിലെത്തി നിതിൻരാജിന്റെ പിതാവ് രാജൻ, സഹോദരിമാരായ നികിത, രാഖി, സഹോദരീ ഭർത്താവ് അശോക് കുമാർ, പിതൃസഹോദരൻ വിജയൻ, ബന്ധു വിശ്വംഭരൻ തുടങ്ങിയവരുടെ മൊഴിയെടുത്തത്. ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻരാജ് മരിച്ചതെന്ന് എല്ലാവരും മൊഴിനൽകി. മകൻ ഏറെ മാനസിക പീഡനം അനുഭവിച്ചിരുന്നതായും അധ്യാപകൻ റാമിനെ ജാതി അധിക്ഷേപത്തിനെതിരെ അറസ്റ്റ്ചെയ്യണമെന്നും പിതാവ് പറഞ്ഞു. അടുത്ത ദിവസം അഞ്ചരക്കണ്ടി കോളജിലെത്തി പ്രിൻസിപ്പലടക്കമുള്ള അധ്യാപകരുടെയും നിതിന്റെ സഹപാഠികളുടെയും മൊഴിയെടുക്കും. ആദ്യം നടത്തിയ അന്വേഷണത്തിനെതിരെ പ്രതിഷേധം കനത്തതോടെയാണ് അന്വേഷണം എസ്.ഐ.ടിയിൽ നിന്ന് സർക്കാർ രണ്ടാഴ്ച മുമ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ആത്മഹത്യ പ്രേരണക്കേസിൽ കോടതി ജാമ്യം നിഷേധിച്ചിട്ടും ഒന്നാംപ്രതി കോളജിലെ അധ്യാപകൻ ഡോ. എം.കെ. റാമിനെ ഇനിയും പിടികൂടാനായിട്ടില്ല. രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് ജില്ല കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ആദ്യ അന്വേഷണസംഘം അവരെ അറസ്‌റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 10നാണ് നിതിൻ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്. ലോൺ ആപ്പ് ചതിയിൽ കുടുക്കിയതിനാൽ അതുമായി ബന്ധപ്പെട്ട രണ്ടുപേരെ പൊലീസ് നേരത്തേ അറസ്‌റ്റ് ചെയ്തിരുന്നു. കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിലാണ് തുടക്കത്തിൽ അന്വേഷണം നടത്തിയിരുന്നത്. അതിനിടെ ക്രൈംബ്രാഞ്ച് സംഘം നോയിഡയിലെ ഇൻസ്റ്റൻറ് ഫ്രണ്ട് ലോൺ ആപ്പ് ഓഫിസിലെത്തി വിശദമായ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Show Full Article
TAGS:kannur localnews nithin murder 
News Summary - Death of Nitin Raj; Crime Branch adds SC/ST Act
Next Story