Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആനപ്പേടി;...

ആനപ്പേടി; ബാവലിപ്പുഴക്കരയിൽ തമ്പടിക്കുന്നവരുടെ എണ്ണം കൂടി

text_fields
bookmark_border
ആനപ്പേടി; ബാവലിപ്പുഴക്കരയിൽ തമ്പടിക്കുന്നവരുടെ എണ്ണം കൂടി
cancel
camera_alt

ആറളം ഫാമിലെ കാട്ടാനകളെ ഭയന്ന് കേളകം ബാവലിപ്പുഴക്കരയിൽ തമ്പടിച്ച ആദിവാസി കുടുംബങ്ങളിലൊന്ന്

കേളകം: ആറളം ഫാമിലെ കാട്ടാനകളെ ഭയന്ന് കേളകം ബാവലിപ്പുഴക്കരയിൽ തമ്പടിക്കുന്ന ആദിവാസി കുടുംബങ്ങളുടെ എണ്ണം കൂടുന്നു. കടുവയും പുലികളും മലയിറങ്ങിയെത്തുന്ന കേളകം ബാവലിപ്പുഴക്കരയിലാണ് ആറളം പുനരധിവാസ മേഖലയിലെ പത്തോളം ആദിവാസി കുടുംബങ്ങൾ താവളമാക്കിയത്.

കേളകം - അടക്കാത്തോട് പഴയ കമ്പിപ്പാലത്തിന് സമീപമാണ് ആറളം ഉൾപ്പെടെ വിവിധ ഉന്നതികളിൽനിന്നെത്തിയ കുടുംബങ്ങൾ ആഴ്ചകളായി താവളമാക്കിയത്. വേനല്‍ക്കാലമായതോടെ ആറളത്തെയും മറ്റ് ഉന്നതികളിലെയും ജലക്ഷാമവും ജീവിതം വിരസതയും മൂലം പുഴയോരങ്ങളിൽ തമ്പടിക്കുക പതിവാണ്.

എന്നാൽ നിലവിൽ ഇവർ താവളമാക്കിയ ബാവലി പുഴയോരത്ത് ജനവാസ കേന്ദ്രങ്ങളിലും കടുവ, പുലി, കാട്ടുപന്നി തുടങ്ങി വന്യജീവികളുടെ വിഹാരമാണ്. ഒരു സുരക്ഷയും ഇല്ലാതെ ഈ പുഴയരികിലാണ് ഇവർ കഴിച്ചുകൂട്ടുന്നത്. വന്യമൃഗങ്ങള്‍ സ്വൈരവിഹാരം നടത്തുന്ന ഈ പ്രദേശത്ത് വലിയ ഒരു ദുരന്തമാണ് പതിയിരിക്കുന്നത്. വരൾച്ച രൂക്ഷമായതോടെ മലയോര ഉന്നതികളിൽ ജലക്ഷാമം മൂലം കൂടുതൽ കുടുംബങ്ങൾ പുഴയോരവാസത്തിനെത്താറുണ്ട്. പുഴയോരത്ത് കഴിയുന്ന ഇവരുടെ ജീവന് തന്നെ ഭീഷണിയായി പുലികളും കാട്ടു പന്നികളും സമീപത്ത് വട്ടമിടുന്നുണ്ട്.

വേനല്‍ക്കാലമായതോടെ നിരവധി ആളുകള്‍ കുടിക്കാനും മറ്റും ഉപയോഗിക്കുന്ന പുഴക്കരയിൽ കുടിൽ കെട്ടി തമ്പടിച്ചവർ മലമൂത്ര വിസര്‍ജനം നടത്തുന്നത് പുഴ മലിനീകരണത്തിനും കാരണമാകുന്നു. പുഴ മലിനപ്പെടുന്നത് വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് പല സാംക്രമിക രോഗങ്ങളും പിടിപെടാന്‍ ഇടയുണ്ട് എന്നതുകൊണ്ടുതന്നെ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും പൊലീസും ഇവരെ ഇവിടെനിന്നും മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. പുഴയിൽ തമ്പടിച്ച സംഘങ്ങൾ പലയിടങ്ങളിലും പുഴയിൽ ചിറ കെട്ടി വെള്ളം തിരിച്ച് വിട്ട് മീൻപിടിക്കുന്നതും പതിവ് കാഴ്ചയാണ്. തൊഴിലില്ലായ്മയും ഒപ്പം ജലക്ഷാമവുമാണ് ബാവലിപ്പുഴയോരവാസത്തിന് ഉന്നതി നിവാസികളെ പ്രേരിപ്പിക്കുന്നത്.

Show Full Article
TAGS:Kannur News Bavalipuzha aralam Elephant 
News Summary - Elephants; Number of people camping on the banks of the Bavali river increases
Next Story