Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയിൽ കോടികളുടെ സാമ്പത്തിക ഇടപാടുകൾ; തിരിമറി ആരോപണവുമായി ഒരു വിഭാഗം

text_fields
bookmark_border
financial fraud
cancel
camera_alt

പ്രതീകാത്മക ചിത്രം

പാനൂർ: തലശേരിയിലെ നിക്ഷേപ തട്ടിപ്പ് വിവാദം സംസ്ഥാനതലത്തിൽ ചർച്ചയാകുന്നതിനിടെ, വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല കമ്മിറ്റിയുമായി ബന്ധപ്പെട്ടും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളിലും തിരിമറി ആരോപണങ്ങളും ഉയരുന്നു. ജില്ല കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ട്രസ്റ്റുകൾ, സൊസൈറ്റി, സഹകരണസംഘം എന്നിവയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) പരാതി നൽകാനൊരുങ്ങുകയാണ് എതിർവിഭാഗം.

ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയുടെ നേതൃത്വത്തിൽ ആശ്രയ ട്രസ്റ്റ്, ജീവകാരുണ്യ ട്രസ്റ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി വെൽഫെയർ സൊസൈറ്റി, ദി കണ്ണൂർ ഡിസ്ട്രിക്ട് മർച്ചന്റ് കോഓപറേറ്റിവ് സൊസൈറ്റി എന്നീ നാല് സംവിധാനങ്ങളിലൂടെയാണ് കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതെന്നാണ് ആരോപണം.

വ്യാപാരി മരണപ്പെട്ടാൽ ആശ്രിതർക്ക് 10 ലക്ഷം രൂപ നൽകുന്ന ആശ്രയ പദ്ധതിക്കായി ഫൗണ്ടർ ട്രസ്റ്റിമാർ, സ്ഥിരാംഗങ്ങൾ, സാധാരണ അംഗങ്ങൾ എന്നിവരിൽ നിന്നായി ഇതിനകം 20 കോടി രൂപയിലധികം അംഗത്വഫീസായി സമാഹരിച്ചെന്നാണ് ആക്ഷേപം. ഒരു അംഗത്തിന്റെ മരണത്തെ തുടർന്ന് സാധാരണ അംഗങ്ങളിൽ നിന്ന് ലഭിക്കുന്ന തുകയിൽ പകുതി മാത്രമാണ് ആശ്രിതർക്ക് നൽകുന്നതെന്നും ബാക്കി തുക പദ്ധതിയുടെ വരുമാനമായി നിലനിൽക്കുന്നതായും പരാതിയുണ്ട്. ഇതിൽ 120 ഫൗണ്ടർ ട്രസ്റ്റിമാരിൽ നിന്ന് മൂന്ന് ലക്ഷം വീതമാണ് അംഗത്വഫീസ് ഈടാക്കിയത്. ഇവരിൽ പലർക്കും രസീത് നൽകാത്തതും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഫൗണ്ടർ ട്രസ്റ്റിയായ ഒരു വ്യാപാരി നേതാവിന് ജീവകാരുണ്യ ട്രസ്റ്റിന്റെ പേരിലുള്ള രസീതാണ് നൽകിയത്.

ജീവകാരുണ്യ ട്രസ്റ്റിന്റെ പേരിൽ 30 മാസ കാലാവധിയുള്ള പ്രതിമാസം 2000 രൂപ വീതം അടവുള്ള കുറി പദ്ധതിയിൽ 16,000ത്തിലധികം പേർ അംഗങ്ങളാണെന്നും ഇതിലൂടെ പ്രതിമാസം 3.20 കോടി രൂപ സമാഹരിക്കപ്പെടുന്നതായും ആരോപിക്കുന്നു. ഏകദേശം 10 വർഷമായി നടന്നുവരുന്ന കുറി അവസാനിക്കുമ്പോൾ സ്വരൂപിച്ച 100 കോടിയോളം രൂപ എവിടെ നിക്ഷേപിക്കുന്നുവെന്നതിനെ ചൊല്ലി നിരവധി തവണ ജില്ല കമ്മിറ്റിയിൽ വാക്കേറ്റമുണ്ടായിട്ടുണ്ട്. കുറി അവസാനിക്കുന്നതിന് മുമ്പേ പുതിയ കുറി ആരംഭിക്കുന്ന രീതിയും ചോദ്യങ്ങൾ ഉയർത്തുന്നു.

വ്യാപാരികൾക്കായി രൂപവത്കരിച്ച വെൽഫെയർ സൊസൈറ്റിയുടെ ക്ഷേമനിധി പദ്ധതിയും പ്രവർത്തനരഹിതമായ നിലയിലാണെന്ന് കമ്മിറ്റിയംഗങ്ങൾ ആരോപിക്കുന്നു. സഹകരണ സംഘത്തിലെ നിയമനങ്ങൾ ജില്ല കമ്മിറ്റിയെ അറിയിക്കാതെയാണെന്നും വ്യാപാരഭവന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നുമാണ് പരാതി.

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കായി സമാഹരിച്ച 1.20 കോടി രൂപയിൽ 50 ലക്ഷം രൂപ മാത്രമാണ് വിതരണം ചെയ്തതെന്ന ആരോപണവും ജില്ല കമ്മിറ്റിക്കുള്ളിൽ തർക്കത്തിന് ഇടയാക്കിയിട്ടുണ്ട്.

വിവിധ ട്രസ്റ്റുകളിൽ വ്യാപാരികളല്ലാത്തവരെ അംഗങ്ങളാക്കിയതും പ്രധാന ഭാരവാഹികളുടെ യോഗ്യത സംബന്ധിച്ചും എതിർവിഭാഗം ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.അതേസമയം, ജില്ല കമ്മിറ്റിയുടെ പേരിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തനിക്ക് വിവരമില്ലെന്നും എല്ലാക്കാര്യങ്ങളും ജില്ല പ്രസിഡന്റ് നേരിട്ടാണ് കൈകാര്യം ചെയ്യുന്നതെന്നും ജില്ല ജനറൽ സെക്രട്ടറി പി. ബാഷിത്ത് മാധ്യമത്തോട് പറഞ്ഞു.

ജില്ല കമ്മിറ്റിയുടെ പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന കണക്കില്ലാത്ത കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദിത്വം നിശ്ചയിക്കണമെന്ന ആവശ്യമാണ് എതിർവിഭാഗം ഉയർത്തുന്നത്.

Show Full Article
TAGS:kerala local news kannur Financial transactions vyapari vyavasayi ekopana samithi 
News Summary - Financial transactions worth crores in the Traders and Industrialists Coordination Committee District Committee
Next Story