തൂക്കു പാലത്തിൽ ജീവഭയത്തോടെ വനപാലകർ
text_fieldsകേളകം: ഇരമ്പിയൊഴുകുന്ന ചീങ്കണ്ണിപ്പുഴയിലെ മുളകൊണ്ടുള്ള തൂക്ക് പാലത്തിൽ ജീവഭയത്തോടെ കടക്കാൻ വിധിക്കപ്പെട്ട് വനപാലകർ. വനം വന്യജീവി വകുപ്പിന് കോടികളുടെ ഫണ്ടുണ്ടായിട്ടും ആറളം വന്യജീവി സങ്കേതത്തിന്റെ കരിയം കാപ്പിലെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള മുള കൊണ്ടുള്ള തൂക്കുപാലത്തിന് പകരം സുരക്ഷിത പാലം നിർമിക്കാൻ പദ്ധതിയില്ല.
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഉൾപ്പെടെ നിരവധിപേർ ജോലി ചെയ്യുന്ന കരിയം കാപ്പിലെ വനം ഓഫിസിലേക്ക് എത്താൻ ഈ തൂക്ക് പാലം മാത്രമാണുള്ളത്. ഇതാവട്ടെ ഏതു നിമിഷവും വെള്ളപ്പൊക്കത്തിൽ തകരുന്ന അവസ്ഥയിലാണ്. ഒരു മരക്കൊമ്പ് ഒഴുകിയെത്തിയാൽ പോലും തട്ടിത്തരുന്നതാണ് ഈ തൂക്ക് ഊഞ്ഞാൽ പാലം. കഴിഞ്ഞ ഏതാനു വർഷങ്ങളായി ഈ പാലം അറ്റകുറ്റപ്പണി നടത്താൻ പോലും നാമമാത്രമായാണ് വനം വകുപ്പ് തയാറായത്.
ആന കൂട്ടങ്ങളും, പുലികളും, കടുവകളും ഉൾപ്പെടെ വിഹരിക്കുന്ന കാട്ടിലെ വനം ഓഫിസിൽ നിന്നും പുറം ലോകത്തെത്താനുള്ള കടമ്പയാണ് ഈ പാലം. മുമ്പ് വനപാതയിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ചായിരുന്നു യാത്ര. ഇപ്പോൾ വനപാതയിലൂടെയുള്ള യാത്ര അസാധ്യമായി. നിലവിൽ കമ്പിപ്പാലം മാത്രമാണ് ആശ്രയം. ഇവിടെ ജീപ്പ് കടന്നെത്താവുന്ന സുരക്ഷിതമായ പാലമോ , ഇരുമ്പ് പാലമോ വേണമെന്നാണ് ആവശ്യം.