ആറളം ഫാമിൽ ഗജമുക്തി: കാട്ടാന തുരത്തൽ ഊർജിതമാക്കി വനംവകുപ്പ്
text_fieldsആറളം ഫാമിൽ നിന്ന് ഓപ്പറേഷൻ ഗജ മുക്തി ഓപ്പറേഷൻ
പ്രകാരം തുരത്തിയ കാട്ടാനകളിലൊന്ന്
ആറളം: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള ഓപറേഷൻ ഗജമുക്തിയുടെ ഭാഗമായി ആറളം ഫാമിൽ വനം വകുപ്പ് ദൗത്യസംഘം കാട്ടാനയെ തുരത്തൽ പുനരാരംഭിച്ചു. ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫിർ കെ. നിധിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓപറേഷനിൽ ഡ്രൈവിങ് ടീമിൽ ആറളം വൈൽഡ് ലൈഫിലെയും കൊട്ടിയൂർ റെയിഞ്ചിലെയും കണ്ണവം റെയിഞ്ചിലെയും സ്റ്റാഫുകളും വാച്ചർമാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 47 പേർ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് പിന്തുണയായി നിരവധി വാഹനങ്ങളും വിന്യസിച്ചിരുന്നു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ പഞ്ചായത്തുകളിൽ നിയമിച്ച ലെയ്സൺ ഓഫീസർമാർ മുഖേന പൊലീസ്, റവന്യൂ, ടി.ആർ.ഡി.എം എന്നിവരുമായും ഏകോപനം നടത്തി. നിരീക്ഷണം നടത്തിയ ദൗത്യസംഘം വലിയ കൊമ്പൻ, മൊട്ടുകൊമ്പൻ എന്നീ ആനകളെ എക്കണ്ടി വഴി ബ്ലോക്ക് രണ്ടിലേക്ക് കടത്തിവിട്ടു.
തുടർന്ന് ബ്ലോക്ക് രണ്ടിൽ നിന്നും ആറ് ആനകളെ ബ്ലോക്ക് നാല് വഴി ഹെലിപ്പാഡ് ഭാഗത്തേക്കും കടത്തിവിട്ടു. ഹെലിപ്പാട്-വട്ടക്കാട് ഭാഗത്തു നിന്നും താളിപ്പാറ ഭാഗത്തേക്കു തുരത്തവെ ആനകൾ തിരിഞ്ഞതോടെ തുരത്തൽ തടസ്സപ്പെട്ടു. ദൗത്യം വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.


