തില്ലങ്കേരിയിൽ മഞ്ഞപ്പിത്തം; ഇതുവരെ 27 പേർക്ക് രോഗബാധ
text_fieldsതില്ലങ്കേരി: പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 27 പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായി കണക്ക്. രോഗബാധ രൂക്ഷമാകുന്നത് തടയാൻ തില്ലങ്കേരിയിൽ ചേർന്ന ജനകീയ കൂട്ടായ്മയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമഗ്ര മാർഗരേഖ തയാറാക്കി. ഭക്ഷണ-പാനീയ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്ന പാനീയങ്ങൾ ചൂടുള്ളത് മാത്രമാകണം. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും ചൂടുള്ളതൊഴികെയുള്ള പാനീയങ്ങൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വിതരണം ചെയ്യാൻ പാടില്ല. സദ്യകളിൽ വെള്ളത്തിന്റെ സ്രോതസ്സ് മുൻകൂട്ടി ആരോഗ്യ വകുപ്പിനെ അറിയിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം.
വിവിധ വീടുകളിൽനിന്ന് വിവിധ ഭക്ഷ്യവിഭവങ്ങൾ കൊണ്ടുവരുന്ന രീതി പൂർണമായും ഉപേക്ഷിക്കണം. ഹെൽത്ത് കാർഡില്ലാത്ത മുഴുവൻ ജീവനക്കാരും രണ്ടാഴ്ചക്കുള്ളിൽ മെഡിക്കൽ ഫിറ്റ്നസ് ഹാജരാക്കണം. മുഴുവൻ അംഗൻവാടികളിലും വായനശാലകളിലും ആരോഗ്യ ബോധവത്കരണ സംഗമങ്ങൾ വിളിച്ചു ചേർക്കണം. എല്ലാ തിങ്കളാഴ്ചകളിലും തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങൾ നടത്തും. ജനകീയ കൂട്ടായ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ അധ്യക്ഷതവഹിച്ചു. തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ. രസ്ന ക്ലാസെടുത്തു. പ്രതിരോധ പ്രവർത്തന മാർഗരേഖ ജില്ല മെഡിക്കൽ ഓഫിസിലെ ടെക്നിക്കൽ അസി. സി.പി. സലീം അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. രതീഷ്, അംഗങ്ങളായ പി.ഡി. മനീഷ, എൻ. മനോജ്, രമണി മിന്നി, എം.കെ. ആനന്ദവല്ലി, ഹോമിയോപ്പതി മെഡിക്കൽ ഓഫിസർ ഡോ. സുധീർ, ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് കുറ്റിയാണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ കുമാർ എന്നിവർ സംസാരിച്ചു.