ഇവിടെ കാറ്റിന് ഊദിൻ സുഗന്ധം
text_fieldsഹരീഷ് നെല്ലൂർ ഊദ് തോട്ടത്തിൽ മരങ്ങൾക്കൊപ്പം
പയ്യന്നൂർ: കാങ്കോൽ ആലക്കാട്ടെ ഹരീഷിന്റെ വീട്ടുപറമ്പിലെത്തിയാൽ ഒരു പ്രത്യേക സുഗന്ധം പരന്നൊഴുകും. വേദപുസ്തകങ്ങളിൽ പ്രകീർത്തിച്ച ഊദിന്റെ സുഗന്ധമാണതെന്നറിയുന്നവർ വിരളം. എന്നാൽ, ഒറിജിനൽ ഊദിന്റെ സുഗന്ധത്തിലൂടെ ജീവിതത്തിന്റെ താളം കണ്ടെത്തുന്ന ഒരു യുവാവുണ്ട് ഇവിടെ. പയ്യന്നൂർ കാങ്കോൽ ആലക്കാട് കളരിക്കുസമീപത്തെ ഹരീഷ് നെല്ലൂരാണ് അറബി നാടുകളിലെ ഊദിന്റെ സുഗന്ധം സ്വന്തം വീട്ടുമുറ്റത്തെത്തിച്ച ഈ യുവാവ്.
ഒന്നര പതിറ്റാണ്ടോളം യു.എ.ഇയിൽ ജോലിചെയ്ത ഹരീഷ് ഇവിടെയുള്ളവരുടെ പ്രിയങ്കരമായ ഈശ്വരന്റെ മരത്തെ തേടിയുള്ള യാത്രക്കൊടുവിലാണ് ഊദ് കൃഷിയിലെത്തിയത്. ഹരീഷ് ഇപ്പോൾ മൂവായിരത്തോളം ഊദു മരങ്ങളുടെ ഉടമയാണ്. ഇന്ത്യയിൽ അസമിലാണ് ലോകത്തെ തന്നെ ഏറ്റവും ഗുണമേന്മയേറിയ ഊദ് ചിപ്സുകളും അനുബന്ധ ഉൽപന്നങ്ങളും ഉൽപാദിപ്പിക്കുന്നത്. അസമിൽനിന്ന് ഊദ് തൈകൾ സംഘടിപ്പിച്ച് ഹരീഷ് കടന്നപ്പള്ളിയിൽ ഗവ. മെഡിക്കൽ കോളജിന് സമീപമുള്ള സ്വന്തം ഭൂമിയിൽ നട്ടുപിടിപ്പിച്ചാണ് തുടക്കം. ഇതാണ് ഇന്ന് മൂവായിരത്തിൽ എത്തിനിൽക്കുന്നത്.
കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം നൽകുന്ന മരമാണിതെന്ന് അസമിൽ സംസ്കരണ യൂനിറ്റുള്ള ഹരീഷ് പറയുന്നു. 200 മുതൽ 300 രൂപവരെയാണ് ഊദു മരത്തിന്റെ തൈകൾക്ക് വില. എന്നാൽ, സംസ്കരണം എളുപ്പമല്ല. മാത്രമല്ല, കൃഷിയിലും താൽപര്യം വേണം. വീട്ടുപറമ്പിൽ നിരവധി ഫല വൃക്ഷ തൈകളും കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകളും കൂടി കൃഷി ചെയ്യുന്ന ഹരീഷ് പറയുന്നു. ഹരീഷിന് പൂർണ പിന്തുണയുമായി ഭാര്യ ദീപയും മകൻ ദിഷാലുമുണ്ട്. ഊദ് കൃഷിയെക്കുറിച്ച് വിശദമായി അറിയാൻ 8592971056 നമ്പറിൽ ബന്ധപ്പെടാം.