ഹൈടെക് കോപ്പിയടി; സൈബർ അന്വേഷണം തുടങ്ങി
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: പി.എസ്.സി പരീക്ഷക്കിടെ മൈക്രോ കാമറ ഉപയോഗിച്ച് കോപ്പിയടി നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പയ്യാമ്പലം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശനിയാഴ്ച നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. സംഭവത്തിൽ അറസ്റ്റിലായ ഉദ്യോഗാര്‍ഥി പെരളശ്ശേരി സ്വദേശി പി. മുഹമ്മദ് സഹദിനൈ (27) കോടതി റിമാൻഡ് ചെയ്തു.
ഷര്‍ട്ടില്‍ ഘടിപ്പിച്ച മൈക്രോ കാമറ വഴി ഇയാൾ ചോദ്യ പേപ്പറിലെ ചോദ്യങ്ങൾ മറ്റൊരാൾക്ക് അയച്ചു കൊടുത്തു. തുടർന്ന് പുറമെയുള്ളയാൾ ഗൂഗ്ൾ നോക്കി ഉത്തരം കണ്ടെത്തി പറഞ്ഞുകൊടുക്കുകയായിരുന്നു. ചെവിയിൽ തിരുകിവെച്ച ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ട് മുഹമ്മദ് സഹദ് എഴുതുന്നതിനിടെയാണ് പി.എസ്.സി വിജിലൻസ് സ്ക്വാഡ് പരിശോധനക്കെത്തിയത്. പൊലീസ് പിടിച്ചെടുത്ത ഇയാളുടെ മൊബൈൽ ഫോൺ, ക്യാമറ, ഇയർഫോൺ എന്നിവയെല്ലാം സൈബർ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
പ്രതിക്ക് ഉത്തരങ്ങൾ പുറമെ നിന്ന് പറഞ്ഞുകൊടുത്തയാളെ കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. വലിയ വില വരുന്ന ഉപകരണങ്ങൾ വാങ്ങിയാണ് കോപ്പിയടി നടത്തിയിട്ടുള്ളത്. ഇക്കാര്യം പ്രതി സമ്മതിച്ചെങ്കിലും സഹായിയെപറ്റി പറയാൻ തയാറായില്ല. കഴിഞ്ഞ ആഗസ്റ്റ് 30 ന് ഇയാൾ എഴുതിയ എസ്.ഐ പരീക്ഷയിലും ഹൈടെക് കോപ്പിയടി നടത്തിയിട്ടുണ്ട്. മുഹമ്മദ് സഹദ് എഴുതിയ നാലു പരീക്ഷകളുടെയും ഉത്തരക്കടലാസുകൾ പി.എസ്.സി പ്രത്യേകം പരിശോധിക്കും.
അടുത്ത ദിവസം തന്നെ ഇയാൾക്ക് പി.എസ്.സി പരീക്ഷയെഴുതുന്നതിൽ ആജീവനാന്ത വിലക്കേർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഹൈടെക് കോപ്പിയടി നടന്ന ദിവസം പരീക്ഷാ ചുമതലയിലുണ്ടായിരുന്ന അധ്യാപകർക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ നൽകുമെന്നും പി.എസ്.സി അധികൃതർ പറഞ്ഞു. സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജിന്റെ മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് തുടരന്വേഷണം നടത്തുക. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്കാണ് നിലവിൽ അന്വേഷണ ചുമതല.


