പാതയോരത്തെ ആ തണലും പോയി
text_fieldsകടന്നപ്പള്ളി പടിഞ്ഞാറെക്കരയിൽ മുറിച്ചു മാറ്റുന്ന ആൽമരങ്ങൾ
പയ്യന്നൂർ: രണ്ടു നൂറ്റാണ്ടിലധികം ഒരു നാടിന്റെ തണലായി, തലമുറകളുടെ ഓർമകൾക്ക് കാവലായി നിന്ന കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ ആൽമരങ്ങൾ ഇനി ഓർമകളിലേക്ക്. പിലാത്തറ-മാതമംഗലം റോഡ് മെക്കാഡം ടാറിങ് പ്രവൃത്തികളുടെ ഭാഗമായാണ് നാടിന്‍റെ തണലായ ഈ വടവൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നത്. നാടിന്‍റെ പേരു പോലും സ്ഥാനപ്പെടുത്തിയത് ഈ മരമുത്തശ്ശിമാരായിരുന്നു. ആലിന്റെ സ്റ്റോപ്പ് എന്നാണ് ആലുകൾ തണൽ വിരിച്ച പ്രദേശത്തിന്‍റെ പേര്. ആലിന്‍റെ സ്റ്റോപ്പിൽ ഇനി കണികാണാൻ പോലും ആലില്ല. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വ്യാപാരികൾക്കും ആശ്വാസമായിരുന്ന തണൽമരങ്ങളാണ് ഓർമയാവുന്നത്.
വികസനത്തിന്റെ പേരിൽ രണ്ട് നൂറ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവും പേറുന്ന ഈ മരങ്ങൾ വീഴുുകയാണ്. യാത്രക്കാരുടെ ഒത്തുകൂടൽ കേന്ദ്രമായിരുന്ന, കിളികളുടെ താവളമായിരുന്ന ആലും ആൽത്തറയും പഴയ തലമുറക്ക് ഗൃഹാതുര സ്മരണകളാണ്. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ ഈ മണ്ണിൽ വീണ്ടും പുതിയ തണൽമരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന തീരുമാനത്തിലാണ് നാട്ടുകാർ. എങ്കിലും, ഇത്രയും കാലം നാടിന്‍റെ ജീവശ്വാസമായിരുന്ന പ്രകൃതിയുടെ കരുതലുകൾ ഇല്ലാതാകുമ്പോൾ മനസ്സിൽ പെയ്യുന്ന നൊമ്പരത്തിന് അതിരുകളില്ലെന്ന് നാട്ടുകാർ.
ഇതേ പാത കടന്നു വരുന്ന പിലാത്തറ ടൗണിലെയും കൂറ്റൻ ആൽമരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഏറെ തണലും തണുപ്പും നൽകിയ മരങ്ങൾ ഇല്ലാതായത് ടൗണിൽ കടുത്ത ചൂടിന് കാരണമായി. ഒപ്പം ടൗണിന്‍റെ മുഖസൗന്ദര്യവും നഷ്ടപ്പെട്ടു. ദേശീയപാതക്കു വേണ്ടിയും ഇവിടെ വ്യാപകമായി മരങ്ങൾ നശിപ്പിച്ചിരുന്നു.



