റെയിൽവേയുടെ സാധനങ്ങൾ മോഷ്ടിച്ച അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
text_fieldsതലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ഉരുപ്പടികളുമായി പിടിയിലായ പ്രതികൾ ആർ.പി.എഫ് ഉദ്യോഗസ്ഥർക്കൊപ്പം
തലശ്ശേരി: റെയിൽവേയുടെ നിർമാണ സാധനസാമഗ്രികൾ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. തമിഴ്നാട് വില്ലുപുരം മലൈകൊട്ടളം മെയിൻ റോഡിലെ ഭാസ്കർ (36), കർണാടക മാണ്ട്യ ജില്ലയിലെ പാണ്ഡവപുര താലൂക്കിലെ ചിനക്കുരാലി വില്ലയിൽ കെ.എസ്. മനു (33), ബംഗളൂരു നരസാന്ദ്ര മഗ്ഡി താലൂക്കിൽ മുത്തയാന പാല്യയിൽ എം.എൻ. മഞ്ജുനാഥ് (26) എന്നിവരാണ് അറസ്റ്റിലായത്.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് നവീകരണ പ്രവൃത്തികൾക്കായി റെയിൽവേ ഏൽപിച്ച കോൺട്രാക്ട് തൊഴിലാളികളാണ് ഇവർ. നിർമാണ പ്രവൃത്തിക്കുള്ള സാധനങ്ങൾ മോഷ്ടിച്ച് വിറ്റഴിക്കാൻ ശ്രമിക്കുമ്പോഴാണ് ആര്.പി.എഫ് ഇവരെ പിടികൂടിയത്.
ഏകദേശം 450 കിലോ ഭാരമുള്ള 17 എം.എസ് ആങ്കിളുകൾ ഒരു ഓട്ടോറിക്ഷയിൽ കയറ്റി വിൽപനക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്. കളവ് നടന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി ആർ.പി.എഫ് ചാർജുള്ള ഓഫിസർ സി.ഐ കെ.കെ. കേശവദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.എം. സുനിൽ, കെ.വി. മനോജ് കുമാർ എന്നിവരടങ്ങുന്ന സ്ക്വാഡ് കഴിഞ്ഞ ദിവസം വൈകീട്ട് തലശ്ശേരി ടി.സി മുക്ക് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
റെയിൽവേ പോർട്ടർമാരായ റിഷാദ്, റെനീബ്, മഹബൂബ് എന്നിവരും പ്രതികളെ പിടികൂടാൻ ആർ.പി.എഫ് ഉദ്യോഗസ്ഥരെ സഹായിച്ചു. ഞായറാഴ്ച തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.