പണം പിൻവലിക്കാൻ കഴിയുന്നില്ല; വളപട്ടണം സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം
text_fieldsവളപട്ടണം സർവിസ് സഹകരണ ബാങ്കിലെ സെക്രട്ടറിയുടെ കാബിനു മുന്നിൽ നിൽക്കുന്ന നിക്ഷേപകർ
കണ്ണൂർ: അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെ വളപട്ടണം സർവിസ് സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സ്ത്രീകൾ ഉൾെപ്പടെയുള്ള നൂറോളം നിക്ഷേപകർ വെള്ളിയാഴ്ച രാവിലെയാണ് ബാങ്കിനു മുന്നിലെത്തിയത്. ബാങ്ക് ഭരണസമിതി ഭാരവാഹികളുമായി സംസാരിക്കാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും ആരും സന്നദ്ധരായില്ല.
അക്കൗണ്ടിലുള്ള പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ സെക്രട്ടറിയുടെ കാബിനു മുന്നിലെത്തി. മണിക്കൂറോളം കാബിനു മുന്നിലിരുന്ന് സംസാരിച്ചെങ്കിലും പണമില്ലെന്ന മറുപടിയാണ് സെക്രട്ടറിയും നിരന്തരം നൽകിയത്. 80 ലക്ഷം വരെ നിക്ഷേപമുള്ളവർ ഒരു ലക്ഷം ചോദിച്ചിട്ടും നൽകാൻ വിസ്സമ്മതിക്കുകയാണ്. പണം എന്നു ലഭിക്കുമെന്ന ഉറപ്പ് പോലും അധികൃതർക്ക് നൽകാൻ കഴിയാത്തത് നിക്ഷേപകരെ ആശങ്കയിലാക്കി.
‘മരുന്ന് വാങ്ങാനുള്ള പണമാണ് ഇവിടെ കുടുങ്ങിയത്’
മൊറാഴ സ്വദേശിനിയായ പത്മിനി എട്ടാം തവണയാണ് പണമെടുക്കാൻ വളപട്ടണം ബാങ്കിലെത്തുന്നത്. വളപട്ടണത്ത് ലോട്ടറി കച്ചവടക്കാരനായിരുന്ന ഭർത്താവ് രാഘവന്റെ പേരിൽ സ്ഥിര നിക്ഷേപമായി 2.13 ലക്ഷം രൂപയാണ് ബാങ്കിലുള്ളത്. ഭർത്താവ് മരിച്ചതോടെ സ്ഥിര നിക്ഷേപം ഇവരുടെ പേരിലേക്ക് മാറ്റി.
മക്കളില്ലാത്ത ഇവർക്ക് നിക്ഷേപയിനത്തിൽ കിട്ടുന്ന ചെറിയ പലിശയാണ് പ്രധാന ആശ്രയം. ഏപ്രിൽ നാലിന് 20,000 രൂപയാണ് ഒടുവിൽ പിൻവലിച്ചത്. നടുവേദന കാരണം ബെൽറ്റിട്ട് നടക്കുന്ന ഇവർ ഇന്നലെയും കാഷിനായി ബാങ്കിലെത്തി. പണമില്ലെന്ന മറുപടിയാണ് ജീവനക്കാർ പറയുന്നതെന്നും എങ്ങനെയാണ് ഈ നിലക്ക് എങ്ങനെയാണ് ജീവിക്കുകയെന്നും ഇവർ ചോദിച്ചു.
ചെക്ക് മാറിയില്ല, യുവാവിന് നഷ്ടമായത് ജോലി
കണ്ണൂർ: ജില്ലയിലെ പ്രമുഖ കെട്ടിട നിർമാണ കമ്പനിയിലെ ജീവനക്കാരന് ബാങ്കിന്റെ അനാസ്ഥ കാരണം നഷ്ടമായത് ജോലി. ഇനി ബാങ്കിലെ പണം കിട്ടുന്നതിനൊപ്പം യുവാവിന് പുതിയ ജോലിയും കണ്ടെത്തണം. നിർമാണ കമ്പനിയിലെ റെഡിമിക്സ് യൂനിറ്റ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു താഴെ ചൊവ്വ സ്വദേശി ടോണി.
വളപട്ടണം മന്നയിലെ കരാർ ഏറ്റെടുത്ത ഇനത്തിൽ 80,000രൂപയുടെ ചെക്ക് ലഭിച്ചു. ജൂൺ മൂന്നിന്റെ തീയതിയിലുള്ള ചെക്ക് പിറ്റേന്ന് തന്നെ വളപട്ടണം സർവിസ് സഹകരണ ബാങ്കിൽ കൈമാറി. ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. അന്വേഷിച്ച് എത്തുമ്പോഴെല്ലാം പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. കമ്പനിയിൽ അടക്കേണ്ട തുകയാണെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ചെക്ക് മാറികിട്ടാത്ത വിഷയം അറിയിച്ചതിനാൽ കമ്പനിയെ കുറച്ച് സാവകാശം നൽകി.
പണം താൻ എടുത്തുവെന്നാണ് പലരും കരുതുന്നത്. കമ്പനി നൽകിയ എല്ലാ സാവകാശവും അവസാനിച്ചതിനാൽ ഒടുവിൽ ജോലി നഷ്ടമായി. സെപ്റ്റംബർ മൂന്നിന് ചെക്കിന്റെ കാലാവധിയും കഴിയുന്നതിനു മുമ്പ് പണം കിട്ടുമെന്ന പ്രതീക്ഷയിൽ എല്ലാ ദിവസവും ബാങ്കിനു മുന്നിൽ കാത്തിരിക്കുകയാണ് ടോണി.