ഇരിക്കൂർ താലൂക്ക് ആശുപത്രി;കിടത്തി ചികിത്സയും സായാഹ്ന ഒ.പിയും നിലച്ചു
text_fieldsഇരിക്കൂർ താലൂക്ക് ആശുപത്രിയിലേക്ക് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി നടത്തിയ മാർച്ച്
ഇരിക്കൂർ: സർക്കാറിന്റെ കെടുകാര്യസ്ഥതയിൽ ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ മുടങ്ങി. ഇതോടെ ദുരിതത്തിലായത് സാധാരണക്കാരായ രോഗികൾ. ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ഇവിടെ കിടത്തി ചികിത്സക്കു പിന്നാലെ സായാഹ്ന ഒ.പിയും നിലച്ചിട്ടുണ്ട്.
ആശുപത്രിയുടെ ഭരണച്ചുമതല ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തതിന് ശേഷമാണ് നാഥനില്ല സ്ഥിതിയായതെന്ന ആക്ഷേപം ശക്തമാണ്. ആശുപത്രിയിൽ വിവിധ ജോലികളിൽ താൽപര്യമുള്ളവരെ തിരുകിക്കയറ്റിയതല്ലാതെ വേറൊന്നും ബ്ലോക്ക് പഞ്ചായത്ത് ചെയ്തില്ലെന്നാരോപിച്ച് മുസ്ലിം ലീഗും യൂത്ത് ലീഗും കോൺഗ്രസും രംഗത്തുവന്നു. മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും തടയാൻ പ്രത്യേക സംവിധാനമൊരുക്കുമെന്നും രാത്രികാല ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുമെന്നും പറഞ്ഞിരുന്നെങ്കിലും എല്ലാം ജലരേഖയായി.
കിടത്തി ചികിത്സ നിർത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു. 10 ഡോക്ടർമാർ ഉള്ളതിൽ അഞ്ചുപേർ മാത്രമാണ് നിലവിലുള്ളത്.
ഇതിൽ തന്നെ മൂന്നുപേർ അവധിയിലാണ്. രണ്ട് ഡോക്ടർമാരാണ് ആയിരക്കണക്കിന് രോഗികളെ ഉച്ചവരെ ചികിത്സിക്കുന്നത്. വൈകുന്നേരങ്ങളിലടക്കം ചികിത്സ തേടി ഇവിടെയെത്തുന്ന രോഗികൾ നിരാശരായി മടങ്ങുന്ന സ്ഥിതിയാണ്.
കെ.സി. ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപയോളം ചെലവഴിച്ച് ആശുപത്രിക്കായി നിർമിച്ച കെട്ടിടങ്ങൾ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയാണ്. സ്ത്രീ രോഗവിഭാഗം, അത്യാഹിത വിഭാഗം, കുട്ടികളുടെ വിഭാഗം, സർജറി തുടങ്ങിയവയെല്ലാം സ്വപ്നങ്ങളിൽ മാത്രമായി. നബാർഡിന്റെ 11.30 കോടി രൂപ ഉപയോഗിച്ച് ആശുപത്രിയിൽ കെട്ടിട നിർമാണ പ്രവൃത്തി തുടങ്ങിയെങ്കിലും പണി ഇഴഞ്ഞു നീങ്ങുകയാണ്. ആരോഗ്യമന്ത്രി തെരഞ്ഞെടുപ്പിന് മുന്നേ ഇവിടം സന്ദർശിച്ച് പ്രഖ്യാപനം നൽകിയിട്ടും ജനങ്ങൾക്ക് നിരാശയാണ് ഫലം.
ആശുപത്രിയിലേക്ക് യൂത്ത് ലീഗ് മാർച്ച്
ഇരിക്കൂർ: കിടത്തി ചികിത്സയും സായാഹ്ന ഒ.പിയും മുടങ്ങിയിട്ടും സർക്കാർ അനാസ്ഥ കാട്ടുകയാണെന്നാരോപിച്ച് ഇരിക്കൂർ താലൂക്ക് ആശുപത്രിയിലേക്ക് മുസ്ലിം യൂത്ത് ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും നടത്തി. ജില്ല ലീഗ് സെക്രട്ടറി സി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.സി. റിയാസ് അധ്യക്ഷത വഹിച്ചു. അഡ്വ. ജാഫർ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. എം. ഉമ്മർ ഹാജി, യു.പി. അബ്ദുറഹ്മാൻ, എൻ.വി. ഹാരിസ്, ടി.പി. ഫാത്തിമ, എൻ.കെ. സുലൈഖ, എൻ.കെ.കെ. മുഫീദ, ടി.സി. നസിയത്ത്, എൻ. ശിഹാബ്, പി. അഷ്റഫ്, പി. അബ്ദുസ്സലാം, എം.പി. യഹ്യ എന്നിവർ സംസാരിച്ചു. എം.സി. അഷ്റഫ് സ്വാഗതവും വി.സി. ജുനൈർ നന്ദിയും പറഞ്ഞു.