ഇരിക്കൂറിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; 2.700 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsഅബ്ദുൽ റൗഫ്
ഇരിക്കൂർ: എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിൽ ഇരിക്കൂറിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട നടക്കുന്നതായി കണ്ടെത്തി. ഇരിക്കൂർ ടൗണിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ച 2.700 കി.ഗ്രാം കഞ്ചാവ് പിടികൂടിയത്. വിൽപനക്കാരനായ ഇരിക്കൂറിലെ പള്ളിപ്പാത്ത് ഹൗസിൽ അബ്ദുൽ റൗഫിനെ (39) അറസ്റ്റ് ചെയ്തു. ആന്ധ്രയിൽനിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ഇരിക്കൂറിലും സമീപ പ്രദേശങ്ങളിലും വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് അബ്ദുൽ റൗഫെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്നാണ് ദിവസങ്ങളോളം വീട് നിരീക്ഷിച്ച് ശനിയാഴ്ച ഉച്ച മുതൽ പരിശോധന നടത്തിയത്.
ശ്രീകണ്ഠപുരം അസി. എക്സൈസ് ഇൻസ്പെക്ടർ ലത്തീഫ്, സ്ക്വാഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ. അനിൽകുമാർ, ആർ.പി. അബ്ദുൽ നാസർ, കെ. രത്നാകരൻ, പ്രിവന്റിവ് ഓഫിസർമാരായ പി.പി. സുഹൈൽ, പി. ജലീഷ്, സി.ഇ.ഒമാരായ രമേശൻ, ഷാൻ, അഖിൽ ജോസ്, മല്ലിക, ഡ്രൈവർമാരായ സി. അജിത്ത്, കേശവൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.