പെരുമണ്ണ് ദുരന്തം: എന്നിലെ അമ്മമനസ്സ് നീറി
text_fieldsകണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലത പെരുമണ്ണിൽ ജീവൻ പൊലിഞ്ഞ കുട്ടികളുടെ സ്മൃതികുടീരം
സന്ദർശിച്ചപ്പോൾ
ഇരിക്കൂർ: കളിചിരിയുടഞ്ഞ മണ്ണിൽ കാക്കിയുടുപ്പിട്ട് എത്തിയപ്പോൾ സങ്കടമടങ്ങാത്ത അമ്മമനസ്സുമായി എസ്.പിയുടെ കുറിപ്പ്. 2008 ഡിസംബർ നാലിന് ഇരിക്കൂറിനടുത്ത പെരുമണ്ണില്‍ വാഹനാപകടത്തില്‍ പൊലിഞ്ഞുപോയ നാരായണ വിലാസം എൽ.പി സ്കൂളിലെ പത്ത് കുട്ടികളുടെ സ്മൃതികുടീരം കണ്ട് മനസ്സ് വേദനിച്ച കണ്ണൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഞായറാഴ്ച കൂട്ടുപുഴയില്‍ പൊലീസ് എയ്ഡ്പോസ്റ്റ് കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചു വരുന്നവഴിയാണ് അവര്‍ സ്മൃതികുടീരത്തിൽ എത്തിയത്.
‘‘ഒറ്റക്കാഴ്ചയില്‍തന്നെ വല്ലാത്ത നൊമ്പരം എന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുകയാണ്. ഈ കുഞ്ഞുങ്ങള്‍ അവരുടെ കുടുംബത്തിന്റെ എത്രമാത്രം വലിയ പ്രതീക്ഷകളായിരുന്നു...? അവരുടെ മാതാപിതാക്കള്‍ അവരെക്കൊണ്ട് എത്രമാത്രം സ്വപ്നങ്ങള്‍ കണ്ടിരിക്കും...? സ്കൂള്‍വിട്ട് വീട്ടിലേക്കോടുമ്പോള്‍ അവരുടെ മനസ്സില്‍ എന്തൊക്കെയായിരിക്കും...? അമ്മയുണ്ടാക്കിയ പലഹാരം.... കളിപ്പാട്ടം.... കുഞ്ഞനിയന്.... ഇതൊക്കെയായിരിക്കില്ലേ...? ഇതൊക്കെ ആലോചിച്ചുകൊണ്ട് ആ കുടീരത്തെ ഞാനൊന്ന് വലംവെച്ചു.
നിശ്ശബ്ദമായി കുഞ്ഞുങ്ങളുടെ ആത്മാവ് ഇളം മാരുതനായി എന്നെ ആശ്ലേഷിക്കുന്നതുപോലെ.... അപ്പോള്‍ റോഡിനപ്പുറത്തുള്ള വീട്ടിലെ ജനാലയിലൂടെ ഒരു സ്ത്രീ ഞങ്ങളെ നിരീക്ഷിക്കുന്നതുകണ്ടു. ആ വീട്ടിലെ കുട്ടിയും മരണപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് പേഴ്സനല്‍ സ്റ്റാഫ് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നുകൂടി ആ അമ്മയെ നോക്കി. എന്നിലെ അമ്മമനസ്സ് വല്ലാതെ നീറിപ്പോയി.
ആ പത്തുപേര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആരൊക്കെയാകുമായിരുന്നു... അധ്യാപിക, ഡോക്ടര്‍, ഒരുപക്ഷേ എന്നെപ്പോലൊരു ഐ.പി.എസുകാരി... വാഹന ഡ്രൈവറുടെ അശ്രദ്ധയാണ് ഈ മരണത്തിന് കാരണമെന്നറിഞ്ഞപ്പോള്‍ വല്ലാത്തൊരു അമര്‍ഷം എന്റെയുള്ളില്‍ പതഞ്ഞുപൊന്തി..’’
സ്കൂള്‍ പരിസരങ്ങളില്‍ വാഹനത്തിന്റെ വേഗത കുറച്ചുപോകണമെന്ന നിബന്ധന എല്ലാവരും പാലിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലടക്കം മതിയായ സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെങ്കില്‍ കര്‍ശനമായ പരിശോധനകളുണ്ടാകും- കുറിപ്പില്‍ വ്യക്തമാക്കി.