പാലം പണി പാതിവഴിയില്‍; ദുരിതം പേറി നാട്ടുകാര്‍
text_fieldsപാതിവഴിയില്‍ പണി നിലച്ച ആറളം അമ്പലക്കണ്ടി പാലം
ഇരിട്ടി: ജില്ല പഞ്ചായത്ത് 2018ല്‍ 45 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം ആരംഭിച്ച ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയില്‍ നിന്ന് ആറളം ഫാമിലേക്കുള്ള കോണ്‍ക്രീറ്റ് പാലം നിര്‍മ്മാണം എങ്ങുമെത്താതെ അനിശ്ചിതത്വത്തില്‍. ഇതോടെ പാലത്തെ ആശ്രയിച്ചു കഴിയുന്ന നാട്ടുകാരുടെ ദുരിതം ഇരട്ടിയായി. ഇവിടെ ഒരു തൂക്കുപാലമായിരുന്നു ആദ്യം ഉണ്ടായിരുന്നത്.
ആറളം ഫാം തൊഴിലാളികളും പ്രദേശത്തെ ക്ഷീരകര്‍ഷകരും ഉപയോഗിച്ചിരുന്ന തൂക്കുപാലം നിരവധി തവണ അപകടത്തില്‍പെട്ടപ്പോഴാണ് കോണ്‍ക്രീറ്റ് പാലം വേണമെന്ന ആവശ്യം നാട്ടുകാര്‍ ശക്തമായി മുന്നോട്ടുവെച്ചത്. ഇതോടെ ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചു.
പാലത്തിന്റെ തൂണിന്റെ പ്രവൃത്തി കഴിഞ്ഞയുടനെയാണ് 2018ലെ പ്രളയത്തിലെ മലവെള്ളപ്പാച്ചിലില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന പാലത്തിന്റെ തൂണുകള്‍ ചരിഞ്ഞത്. പിന്നെ പാലം നിര്‍മാണവും നിലക്കുകയായിരുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷമായി പാതിവഴിയില്‍ നിര്‍മാണം നിലച്ച ഈ പാലത്തിലൂടെ ദുരിത യാത്ര നടത്തുകയാണ് ആറളം ഫാം തൊഴിലാളികളും നാട്ടുകാരും. കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് നിന്ന് തൂണുകളുടെ മുകളിലൂടെ മരം കൊണ്ട് നടപ്പാത ഉണ്ടാക്കിയാണ് ഈ മേഖലയിലുള്ളവര്‍ ആറളം ഫാമിലേക്ക് പോകുന്നത്.
നേരത്തെ നിര്‍മ്മാണത്തിലിരുന്ന പാലം പൂര്‍ത്തിയായാല്‍ ആറളം, ചെടിക്കുളം, അമ്പലക്കണ്ടി, വീര്‍പ്പാട് തുടങ്ങിയ മേഖലകളില്‍ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ പേരാവൂര്‍, കൊട്ടിയൂര്‍, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളില്‍ പോകുവാന്‍ സാധിക്കും. പാതിവഴില്‍ നിലച്ച അമ്പലക്കണ്ടി പാലം പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ജനങ്ങളുടെ ദുരിതം അകറ്റണമെന്ന് നാട്ടുകാരുടെ ആവശ്യം.