വികസനം കൊതിച്ച് ഇരിട്ടി ബസ് സ്റ്റാൻഡ്
text_fieldsഇരിട്ടി ബസ് സ്റ്റാൻഡ്
ഇരിട്ടി: കാല് നൂറ്റാണ്ട് മുമ്പ് പണിത ബസ് സ്റ്റാൻഡാണ് ഇരിട്ടിക്കാർ ഇന്നും ഉപയോഗിക്കുന്നത്. ഇരിട്ടിക്ക് പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, മേലെ സ്റ്റാൻഡ് എന്നിങ്ങനെ വിളിപ്പേരുകളിലുള്ള സ്ഥലമുണ്ടെങ്കിലും സൗകര്യപ്രദമായ കെട്ടിടം ഒന്നുപോലുമില്ല. നഗരസഭയായിട്ടും 25 വര്‍ഷം മുമ്പ് സുമനസ്സുകള്‍ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിർമിച്ച ബസ് സ്റ്റാൻഡിന് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാറ്റവും ഉണ്ടായിട്ടില്ല. 55 ബസുകള്‍ക്ക് മാത്രം കയറിയിറങ്ങാന്‍ സൗകര്യമുള്ള സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സുമാണ് ഉള്ളത്.
ഇരിട്ടിയുടെ ഹൃദയ ഭാഗത്തുകൂടി തലശ്ശേരി വളവുപാറ അന്തര്‍ സംസ്ഥാന പാത കടന്നുപോകുന്നു. കർണാടകയുടെ കൂര്‍ഗ് ജില്ലയില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവേശന കവാടമായി വികസിക്കേണ്ടിയിരുന്ന ഇരിട്ടിയില്‍ റോഡ് വികസനത്തിന് ആനുപാതികമായുള്ള നഗരവികസനം ഉണ്ടായില്ല. ഇപ്പോഴത്തെ പുതിയ സ്റ്റാൻഡില്‍ മുപ്പതോളം ബസുകള്‍ക്കുള്ള ട്രാക്ക് മാത്രമാണ് ഉള്ളത്. 160ഓളം സ്വകാര്യ ബസുകളും 30ലധികം കെ.എസ്.ആര്.ടി.സിയും പുതിയ സ്റ്റാൻഡില്‍ എത്തുന്നുണ്ട്.
പല സമയങ്ങളിലും കെ.എസ്.ആര്.ടി.സിക്ക് റിസര്‍വ് ചെയ്ത ട്രാക്കുകള്‍ പോലും സ്വകാര്യ ബസുകള്‍ കൈയടക്കുകയാണ്. ശരാശരി ആയിരത്തിലധികം ട്രിപ്പുകള്‍ സ്റ്റാൻഡിലൂടെ കയറി ഇറങ്ങുന്നു. ഭാഗ്യംകൊണ്ടാണ് പലപ്പോഴും വലിയ അപകടം ഒഴിവാകുന്നത്. സ്ഥലപരിമിതി മൂലം സ്റ്റാൻഡില്‍ കയറിയ ബസുകള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ട്. സ്റ്റാൻഡിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം ഘട്ടം ഘട്ടമായി ഏറ്റെടുത്തുകൊണ്ടോ പഴശ്ശി പദ്ധതി പ്രദേശം ഉപയോഗപ്പെടുത്തിക്കൊണ്ടോ സ്റ്റാൻഡ് വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഷോപ്പിങ് കോംപ്ലക്സും അപകടാവസ്ഥയിൽ
സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സും അപകടാവസ്ഥയിലാണ്. കെട്ടിടത്തിന്റെ സീലിങ്ങിന്റെ ഭാഗങ്ങള്‍ പലതവണകളായി അടര്‍ന്നു വീഴുന്നത് പതിവാണ്. രാത്രി ഏഴിന് ശേഷം ബസുകളൊന്നും പുതിയ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നില്ല. മുഴുവന്‍ ബസുകളും സ്റ്റാൻഡില്‍ എത്താനുള്ള സംവിധാനം നാളിതുവരെയായിട്ടുമില്ല. തെരുവുവിളക്കുകളും ശരിയായ വിധം പ്രകാശിക്കുന്നില്ല.
ഇരിട്ടിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുവിധം നഗര വികസനത്തിന് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പഴശ്ശി പദ്ധതിയുടെ പത്ത് ഏക്കറോളം വരുന്ന ചതുപ്പുനിലം വിട്ടുകിട്ടാനുള്ള നടപടികളും ഉണ്ടാകണം.
വെള്ളം കെട്ടി നില്ക്കുന്ന സ്ഥലം മണ്ണിട്ടു നികത്താതെ ബസ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളാണ് ആലോചിക്കേണ്ടത്. യാത്രക്കാര്‍ക്കുള്ള ഒരടിസ്ഥാന സൗകര്യവും ഇപ്പോഴത്തെ സ്റ്റാൻഡിലില്ല. തെരുവുനായകളുടെ വിശ്രമ കേന്ദ്രമായും സ്റ്റാൻഡ് രാത്രി മാറിയിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ അടിയന്തരശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്നാണ് നാട്ടുകാരുെട ആവശ്യം.