കടുവയെ കണ്ടെത്താൻ സ്ഥാപിച്ച കാമറകൾ മോഷ്ടിച്ചു
text_fieldsവാണിയപ്പാറയിലെ പുല്ലമ്പാറ തട്ടിൽ വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ ഒന്ന്. ഇതാണ് മോഷണം പോയത്
ഇരിട്ടി: ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താൻ വനംവകുപ്പ് വാണിയപ്പാറയിൽ പുല്ലൻപാറ തട്ട് മേഖലയിൽ സ്ഥാപിച്ച മൂന്ന് കാമറകൾ മോഷണം പോയി. കൊട്ടിയൂർ റേഞ്ച് ഇരിട്ടി സെക്ഷൻ പരിധിയിൽ വരുന്ന പാറക്കാമല ഭാഗത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാണിയപ്പാറ പുല്ലമ്പാറ തട്ട് ഭാഗത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചത്.
പുല്ലൻപാറ തട്ട് ഭാഗത്തുള്ള സമ്പത്ത് ക്രഷറിന് സമീപമുള്ള പഴയ ക്വാറിക്ക് സമീപം സ്ഥാപിച്ച 25000 രൂപ വില വരുന്ന മൂന്ന് കാമറ ട്രാപ്പുകളാണ് മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് കരിക്കോട്ടക്കരി പൊലീസിൽ പരാതി നൽകി. നാട്ടുകാരുടെ ആവശ്യ പ്രകാരമാണ് ക്യാമറ സ്ഥാപിച്ചത്. കാമറയിൽ പതിഞ്ഞാൽ കൂട് സ്ഥാപിച്ച് പിടിക്കാമെന്ന ഉറപ്പും നൽകിയിരുന്നു. ഇതിനിടയിലാണ് കാമറ മോഷണം പോയത്.


