ചതിരൂർ നീലായിൽ പുലിഭീതി ഒഴിയുന്നില്ല
text_fieldsപുലിസാന്നിധ്യം സ്ഥിരീകരിച്ച ആറളം പഞ്ചായത്തിലെ നീലായിൽ വനാതിർത്തിയിൽ
പ്രതിരോധ വേലി നിർമാണത്തിലേർപ്പെട്ടിരിക്കുന്ന വനപാലകർ
ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂർ നീലായിൽ വീട്ടുമുറ്റത്തുന്നിന്നും വളർത്തുപട്ടിയെ പിടിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്ന പ്രവ്യത്തി ദ്രുതഗതിയിൽ പൂർത്തിയായി വരുന്നുണ്ടെങ്കിലും പ്രദേശവാസികളുടെ ഭീതി ഒഴിയുന്നില്ല. പുലിയുടെ സാന്നിധ്യം പ്രദേശത്ത് തുടരുന്നതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം വനത്തിൽ നിന്നും വന്യമൃഗത്തിന്റെ മുരൾച്ച ഉണ്ടായിരുന്നില്ല. വനം വകുപ്പിന്റെ കാമറയിൽ പതിഞ്ഞ പുലി മറ്റൊരു ഭാഗത്തേക്ക് മാറിയതായി നാട്ടുകാർ ആശ്വാസം കൊള്ളുകയും ചെയ്തു. പുലി കാമറയിൽ പതിഞ്ഞ ഭാഗത്ത് വനം വകുപ്പ് തിരച്ചിൽ നടത്തുകയും പടക്കം പൊട്ടിച്ചും മറ്റും പുലിയെ ഉൾവനത്തിലേക്ക് തുരത്തുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിന് ശേഷം നേരത്തെ മുരൾച്ച കേട്ട ഭാഗത്തു നിന്നും വീണ്ടും മുരൾച്ച കേട്ടതോടെ ജനങ്ങൾ ഭീതിയിലാണ്. ജനവാസ മേഖലയിലേക്ക് കടന്നാൽ പുലിയെ കൂട്ടിലാക്കാനുള്ള സംവിധാനം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.
മന്ത്രിതല ചർച്ചയിലുണ്ടായ തീരുമാനത്തിന്റെ ഭാഗമായി വനാതിർത്തിയിൽ പ്രതിരോധ വേലി നിർമാണം വനംവകുപ്പ് പൂർത്തിയാക്കി വരുന്നു. മാനാംകുഴി മുതൽ നീലായി വരെ രണ്ടു കിലോമീറ്ററാണ് വേലി നിർമിച്ചിരിക്കുന്നത്. പെട്ടിച്ചി പാറ മുതൽ നീലാവരെയുള്ള 4.5 കിലോമീറ്റർ ഭാഗത്ത് സോളാർ തൂക്ക് വേലിയുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. നീലായി മുതൽ വാളത്തോട് വരെയുള്ള 4.5 കിലോമീറ്റർ ഭാഗത്ത് സോളാർ തൂക്കുവേലിക്കുള്ള ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്. വനാതിർത്തിയിലെ അടിക്കാടുകൾ വെട്ടിത്തെളിക്കുന്ന പ്രവ്യത്തിയും പൂർത്തിയായി വരികയാണ്. കൊട്ടിയൂർ റേഞ്ചർ പി. പ്രസാദിന്റെയും കിഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ പി. പ്രകാശന്റെയും നേതൃത്വത്തിലാണ് മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ മേഖലയിലേക്കുള്ള തെരുവുവിളക്കുകൾ എല്ലാം പ്രവർത്തന ക്ഷമമാക്കി. വനം വകുപ്പിന്റെ 24 മണിക്കൂർ നിരീക്ഷണവും തുടരുന്നുണ്ട്. വനമേഖലയിൽ നിന്നും പൈപ്പിട്ട് കുടിവെള്ള ശേഖരിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങളും വനം വകുപ്പിന്റെ ഭാഗത്തുന്നിന്നും നൽകുന്നുണ്ട്. വനാതിർത്തിയിൽ നിലവിൽ തകർന്നു കിടക്കുന്ന പ്രതിരോധ വേലിയാണ് പുന:സ്ഥാപിച്ചിരിക്കുന്നത്. സൗരോർജ തൂക്ക് വേലി യാഥാർഥ്യമാകുന്നതു വരെ നിലവിലുളള വേലി ശക്തിപ്പെടുത്തും.