അയ്യൻകുന്ന്, വാളത്തോട് ജനവാസ മേഖലയിൽ കാട്ടാന ആക്രമണം
text_fieldsഉണ്ണിമാക്കൽ മനോജിന്റെ വീടിന്റെ സമീപം എത്തിയ ആനക്കൂട്ടം വാഴ നശിപ്പിച്ച നിലയിൽ
ഇരിട്ടി: അയ്യൻകുന്ന് - ആറളം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ എടപ്പുഴ വാളത്തോട് ജനവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ പൊറുതി മുട്ടി പ്രദേശവാസികൾ. മേഖലയിൽ ആഴ്ച്ചകളായി തമ്പടിച്ചിരിക്കുന്ന കാട്ടാക്കൂട്ടം മേഖലയിലെ കൃഷിയിടങ്ങളിൽ വ്യപക നാശം വിതച്ചു. വെള്ളിയാഴ്ച്ച രാത്രി ഉണ്ണിമാക്കൽ മനോജ്, പുൽപ്പറമ്പിൽ സിജു, ജീരകശേരി ജോസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചത്.
വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. രാത്രിയിൽ മഴ പെയ്തിരുന്നതിനാൽ ആനയെത്തിയത് വീട്ടുകാരറിഞ്ഞില്ല. ആറളം പുനരധിവാസ മേഖലയിൽ നിന്നും തുരത്തുന്ന ആനകളാണ് വാളത്തോട് മേഖലയിൽ ഭീതി പരത്തുന്നത്. കൂട്ടമായി എത്തുന്ന ആനകൾ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്. പൂർണമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഇവിടത്തുകാർ.
വനമേഖലയോട് ചേർന്ന സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശമാണ് വാളത്തോടും എടപ്പുഴയും. വന്യജീവികളെ പ്രതിരോധിക്കാൻ വനാതിർത്തിയിൽ സോളാർ തൂക്ക് വേലി സ്ഥാപിക്കുന്ന നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. കഴിഞ്ഞ ദിവസം വാളത്തോട് ബാബുവിന്റെ കൃഷിയിടത്തിൽ 40ൽ അധികം കവുങ്ങുകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. മഴയായതുകൊണ്ട് പുലർച്ചെ ടാപ്പിങ് തൊഴിലാളികൾ ജോലിക്ക് എത്താതിരുന്നതിനാൽ വലിയ അപകടം ഒഴിവായതായും പ്രദേശവാസികൾ പറയുന്നു.
വനാതിർത്തികളിൽ തൂക്ക് വേലി നിർബന്ധം
കേരള കർണാടക വനമേഖലയോട് അതിർത്തി പങ്കിടുന്ന ആറളം അയ്യൻകുന്ന് പഞ്ചായത്തുകളിലെ ജനങ്ങളെ വന്യജീവികളിൽ നിന്നും സംരക്ഷിക്കാൻ അതിർത്തികളിൽ സോളാർ തൂക്ക് വേലികൾ നിർബന്ധമാണ്. ഇതിനായുള്ള നിർമാണ പ്രവൃത്തികൾ ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. പ്രദേശവാസികളുടെ സഹകരണത്തോടെ നിർമ്മിക്കുന്ന വേലികൾ കൃത്യമായി പരിപാലിക്കുന്നതിന് ഫണ്ട് ഇല്ലാത്തതും പദ്ധതിക്ക് തിരിച്ചടിയാകുന്നുണ്ട്.
വനാതിർത്തിയോട് ചേർന്ന മേഖലകളിൽ നിന്നും ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുന്നതുകൊണ്ടും പരിപാലനം ഇല്ലാതാകുന്നുണ്ട്. പുറത്തുനിന്നെത്തുന്നവർ വലിയ തോതിൽ സ്ഥലം വാങ്ങി കൂട്ടിയതിനാൽ പ്രദേശം മുഴുവൻ കാടുകയറുകയുന്നതും വെല്ലുവിളിയാണ്. വനാതിർത്തിയിൽ നിരന്തര സംവിധാനം ഒരുക്കിയില്ലെങ്കിൽ ആറളത്തെ ആനമതിൽ പൂർത്തിയാകുന്നതോടെ ആറളം അയ്യൻകുന്ന് പഞ്ചായത്തുകളുടെ മറ്റു ഭാഗങ്ങളിൽ വന്യമൃഗ ആക്രമണം അതിരൂക്ഷമാകും.


