പാലം തുറന്നിട്ടും യാത്ര ദുരിതത്തിന് പരിഹാരമായില്ല
text_fieldsചളിക്കുളമായ ആറളം-തോട്ടുംകടവ് പാലം
ഇരിട്ടി: ആറളം തോട്ടുകടവ് പുതിയ പാലം ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവഴിയുള്ള യാത്ര ദുഷ്കരമായി തുടരുന്നു. ഒന്നര വർഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ മാസം 17ന് പാലം ഗതാഗതത്തിനായി തുറന്നു നൽകിയത്. അപകടാവസ്ഥയിലായ പഴയപാലം പൊളിച്ചുനീക്കിയാണ് പുതിയ പാലം പണിതത്. ജില്ല പഞ്ചായത്തിന്റെ 1.25 കോടി രൂപ ചെലവിലാണ് നിർമാണം നടത്തിയത്. പുതിയ പാലം നിർമാണം നടക്കുമ്പോൾ ഇതുവഴിയുള്ള ഗതാഗതം പൂർണമായും അടച്ചിരുന്നു. ഉദ്ഘാടനത്തിനു ശേഷം പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമെങ്കിലും അപ്രോച്ച് റോഡിന്റെ നിർമാണ പ്രവൃത്തികൾ നടത്തിയിരുന്നില്ല.
നിലവിലുണ്ടായിരുന്ന പാലത്തിനേക്കാൾ ഉയരം കൂടിയതിനാൽ ഇരുവശങ്ങളിലും മണ്ണിട്ടുയർത്തിയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. എന്നാൽ, ഇപ്പോൾ പാലത്തിലൂടെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കയറാൻ ഏറെ ബുദ്ധിമുട്ടുകയാണ്. മഴ കൂടിയായതോടെ ഇരുഭാഗവും ചളിക്കുളമായി. പുതിയ പാലത്തിന്റെ ഒരു ഭാഗത്ത് പാലത്തിനോട് ചേർന്ന സ്ഥലത്തെ മണ്ണിടിഞ്ഞിട്ടുണ്ട്. പാലത്തിലേക്ക് ബസുകൾക്ക് കയറാൻ സാധിക്കാത്തതിനാൽ ഏറെ നാളുകൾക്കുശേഷം പുനരാരംഭിച്ച സ്വകാര്യ ബസുകളുടെ സർവിസ് വീണ്ടും നിർത്തിവെക്കുകയാണ്. പാലത്തിന്റെ അപ്രോച്ച് റോഡിനായി പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചതായും മഴ മാറിയാൽ ഉടൻ പ്രവർത്തി ആരംഭിക്കുമെന്നും ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് പറഞ്ഞു.


