പുള്ളിപ്പുലി ആക്രമണത്തിൽ വനപാലകന് പരിക്ക്; പുലി ചത്തു
text_fieldsഅയ്യൻകുന്ന് ബാരാപ്പോൾ പ്രദേശത്ത് ചത്ത പുലി
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ബാരാപ്പോൾ പദ്ധതി പ്രദേശത്ത് ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ കെ.രാഹുലിനെ പുള്ളിപ്പുലി ആക്രമിച്ചു. സഹപ്രവർത്തകർ ചേർന്ന് ആകാശത്തേക്ക് വെടിയുതിർത്ത് രാഹുലിനെ രക്ഷപ്പെടുത്തി. പിന്നാലെ പുലി ചത്തു. കഴിഞ്ഞ ദിവസം ബാരാപോൾ പദ്ധതി പ്രദേശത്ത് പുഴത്തീരത്ത് സോളർ പാനലുകൾ സ്ഥാപിച്ച ഭാഗത്താണ് സംഭവം. വൈകീട്ട് 4.30ഓടെ റീഡിങ് എടുക്കാൻ എത്തിയ കെ.എസ്.ഇ.ബി സോളാർ വിഭാഗം ജീവനക്കാരായ പ്രവീണും ധനേഷുമാണ് പുലിയെ കാണുന്നത്.
ഭയന്നോടിയ ഇരുവരും സോളർ പാനലിന്റെ മുകളിൽ കയറിയിരുന്നു. പിന്നീട് കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്‌ഷൻ ഫോറസ്‌റ്റ് ഓഫിസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരടങ്ങിയ സംഘവും സ്ഥലത്തെത്തി. പുലി സമീപത്തെ കാടു പിടിച്ച ഭാഗത്തേക്കു കയറിയിട്ടുണ്ടെന്ന് ഇവർ അറിയിച്ചതോടെ സംഘം ഈ ഭാഗത്തേക്കു നീങ്ങി. തിരച്ചിൽ നടത്തുന്നതിനിടെ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു.
ടെൽവ് ബോർ തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത് പുലിയെ അകറ്റിയെന്നാണ് പറയുന്നത്. പിന്നാലെ പുലിയെ ചത്തനിലയിൽ കണ്ടെത്തി. രാഹുലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. തീറ്റയെടുക്കാൻ പറ്റാത്ത വിധം ക്ഷീണമുണ്ടായിരുന്ന പുലി പരിക്കുകൾ മൂലമാണ് ചത്തതെന്നാണ് വനം വകുപ്പ് പറയുന്നത്. 10 വയസ്സിലധികം പ്രായമുള്ള ആൺപുലിയാണ്. സംഭവത്തിൽ ദുരൂഹതകളുള്ളതായും ആക്ഷേപമുയർന്നിട്ടുണ്ട്.


