സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഇരിട്ടി
text_fieldsഇരിട്ടി: കേന്ദ്ര അഭ്യന്തര വകുപ്പ് നടത്തിയ സർവേയിൽ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഇരിട്ടി തെരഞ്ഞെടുക്കപ്പെട്ടു. നവംബറിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കേന്ദ്ര അഭ്യന്തര വകുപ്പിൽ നിന്നുള്ള മൂന്നംഗ സംഘം നേരിട്ടെത്തി നടത്തിയ പരിശോധനകളുടെയും സർവേകളുടെയും അടിസ്ഥാനത്തിലാണ് 564 പൊലീസ് സ്റ്റേഷനുകളിൽ 'ബെസ്റ്റ് പൊലീസ് സ്റ്റേഷൻ'ആയി ഇരിട്ടിയെ പ്രഖ്യാപിച്ചത്.
സംസ്ഥാന പൊലീസ് മേധാവിയുടെ അടുത്ത ക്രൈം കോൺഫറൻസിൽ വച്ച് ഇരിട്ടി എസ്.എച്ച്.ഒ പുരസ്കാരം ഏറ്റുവാങ്ങും. 2025 ലെ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. പ്രധാനമായും പൊലീസ് സ്റ്റേഷനുകളുടെ അഭ്യന്തര പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കേന്ദ്ര സംഘം പുരസ്കാരം നിശ്ചയിക്കുന്നതെന്ന് ഇരിട്ടി ഡിവൈ.എസ്.പി പി.കെ. ധനജ്ഞയബാബു അറിയിച്ചു.
പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്ന വേഗം, അന്വേഷണങ്ങളുടെ വേഗവും പുരോഗതിയും, മൈക്ക് പ്രചാരണം ഉൾപ്പെടെയുള്ള അപേക്ഷകളിൽ തീരുമാനം എടുക്കുന്ന വേഗം, പൗരന്റെ അവകാശങ്ങൾ ഉറപ്പാക്കുന്നതടക്കമുള്ള കൃത്യത, സമൻസ് പോലുള്ള കാര്യങ്ങളിൽ ആരോപിക്കപ്പെട്ടവരെ കോടതിയിൽ എത്തിക്കുന്നതിലെ സമയപരിധി, കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിലും പ്രതികളെ കണ്ടെത്തുന്നതിലും നടത്തിയിട്ടുള്ള മികവുകൾ, തൊണ്ടി സാധനങ്ങളുടെ സൂക്ഷിപ്പ് എന്നിങ്ങനെ പൊലീസിന്റെ സമഗ്ര മേഖലകളിലെ പ്രവർത്തനങ്ങളെയും ശാസ്ത്രീയമായി പരിശോധിച്ചും വിലയിരുത്തിയും മാർക്ക് നൽകിയാണ് മികവ് പുരസ്കാരം നിശ്ചയിക്കുന്നത്. നിലവിലെ നാദാപുരം ഡിവൈ.എസ്.പി ആയ എ. കുട്ടികൃഷ്ണൻ അയിരുന്നു പരിശോധന കാലഘട്ടത്തിൽ ഇരിട്ടിയിൽ ഇൻസ്പെക്ടറായി ചുമതലവഹിച്ചത്. ഇൻസ്പെക്ടർ മെൽബിൻ ജോസും എസ്.ഐ കെ ഷറഫുദ്ദീനുമാണ് ഇപ്പോൾസ്റ്റേഷൻ ചുമതല വഹിക്കുന്നത്.


