90ലും ക്രിക്കറ്റ് ഹരം വിടാതെ ജാനകി ടീച്ചർ
text_fieldsപുത്തലത്ത് ജാനകി ടീച്ചറെ ധോണി ഫാൻസ് അസോസിയേഷൻ കണ്ണൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു
ഇരിട്ടി: യുവാക്കളിലെ ക്രിക്കറ്റ് പ്രിയത്തിൽ പുതുമയൊന്നുമില്ല. എന്നാൽ, 90 വയസ്സ് പിന്നിട്ടിട്ടും ക്രിക്കറ്റ് എന്ന കായിക ഇനത്തെ യുവത്വത്തിന്റെ ആവേശത്തോടെ നെഞ്ചേറ്റുകയാണ് മാലൂർ സ്വദേശിനി പുത്തലത്ത് ജാനകി ടീച്ചർ. ക്രിക്കറ്റിനെക്കുറിച്ച് പറയാൻ തുടങ്ങിയാൽ ടീച്ചർക്ക് നൂറു നാവാണ്. നാലു പതിറ്റാണ്ടുകൾക്ക് മുമ്പാണ് ക്രിക്കറ്റിനെ സ്നേഹിച്ചുതുടങ്ങിയത്. ടെലിവിഷൻ അത്ര പ്രചാരത്തിൽ അല്ലാതിരുന്ന കാലത്ത് റേഡിയോയിലൂടെ കമന്ററി കേട്ടായിരുന്നു തുടക്കം.
സച്ചിനും ഗാംഗുലിയും സേവാഗും ദ്രാവിഡും എല്ലാം നിറഞ്ഞാടിയ കാലത്ത് ടെലിവിഷനിൽ കാണാൻ തുടങ്ങി. ധോണിയും കോഹ്ലിയും ശ്രേയസ് അയ്യരും ഗില്ലുമെല്ലാം ക്രിക്കറ്റിന്റെ അമരക്കാരായി മാറിയപ്പോഴും ജാനകി ടീച്ചറുടെ ക്രിക്കറ്റിനോടുള്ള കമ്പം അൽപം പോലും കുറഞ്ഞില്ല. ക്രിക്കറ്റിലെ പുതിയ താരോദയമായ വൈഭവ് സൂര്യവംശി വരെ ഇഷ്ട താരങ്ങളാണ്.
ടെസ്റ്റ് എന്നോ, ഏകദിനം എന്നോവ്യത്യാസമില്ലാതെ എല്ലാ ക്രിക്കറ്റ് ടൂർണമെന്റുകളും ആസ്വദിക്കുമെങ്കിലും ട്വന്റി 20യോടാണ് കൂടുതൽ കമ്പം. ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ ഏറ്റുമുട്ടുമ്പോഴാണ് കൂടുതൽ ആവേശത്തോടെ ക്രിക്കറ്റ് ആസ്വദിക്കുന്നതെന്നും ജാനകി ടീച്ചർ പറഞ്ഞു. മാലൂരിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന ജാനകി ടീച്ചർക്ക് ചില ആഗ്രഹങ്ങൾ കൂടിയുണ്ട്. കോഹ്ലിയും ധോണിയെയും ഒന്ന് നേരിൽ കാണണം. ടീച്ചറുടെ ക്രിക്കറ്റ് ഭ്രമം മനസ്സിലാക്കി കഴിഞ്ഞ ദിവസം ധോണി ഫാൻസ് അസോസിയേഷന്റെ സ്നേഹാദരവ് നൽകി. ധോണി ഫാൻസ് അസോസിയേഷൻ കണ്ണൂർ യൂനിറ്റിന്റെ നേതൃത്വത്തിലാണ് സ്നേഹാദരവ് നൽകിയത്.