ഇരിട്ടി താലൂക്ക് ആശുപത്രി; ചോർന്നൊലിക്കുന്ന ബ്ലോക്കിൽ നിന്ന് മൂന്ന് ഓഫിസുകൾ മാറ്റാൻ നടപടി
text_fieldsഇരിട്ടി താലൂക്ക് ആശുപത്രിയിലെ അപകടാവസ്ഥയിലായ ഒ.പി ബ്ലോക്കിലെ ചുമരുകളിൽ രൂപംകൊണ്ട വിള്ളൽ
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ചോർന്നൊലിക്കുന്ന പഴയ ഒ.പി ബ്ലോക്കിലെ മൂന്ന് ഓഫിസുകൾ മാറ്റാൻ നടപടി. കെട്ടിടം നിർമിച്ച് 15 കൊല്ലം പൂർത്തിയാകുന്നതിനിടയിലാണ് ഇരുനില കെട്ടിടം അപകടാവസ്ഥയിലായിരിക്കുന്നത്. 2009ൽ ഉദ്ഘാടനം ചെയ്ത ബ്ലോക്കിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന താലൂക്കാശുപത്രി ഓഫിസും പൊതുജനാരോഗ്യ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിട ഭാഗവുമാണ് അപകടാവസ്ഥയിലായത്. പൊതുജനാരോഗ്യ വിഭാഗം പ്രവർത്തിക്കുന്ന മൂന്നു മുറികൾ ചോർന്നൊലിക്കുകയാണ്.
ഫയലുകളും മറ്റ് ഉപകരണങ്ങളും ഉൾപ്പെടെ നനയാതിരിക്കാൻ മേശപ്പുറത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി വെച്ചിട്ടുണ്ട്. മുകൾഭാഗത്തെ കോൺക്രീറ്റിന് വിള്ളലും കെട്ടിടത്തിന്റെ ചുമരുകളിലെ കല്ലുകൾ ഇളകിയ നിലയിലുമാണ്. ജീവനക്കാർ പേടിയോടെയാണ് കഴിയുന്നത്. ദന്തരോഗ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ലാബും അനുബന്ധ സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
മുന്നിലുള്ള കൂറ്റൻ ടാങ്കും പമ്പ് ഹൗസും കാലപ്പഴക്കത്താൽ അപകട ഭീഷണിയിലാണ്. കിഫ്ബിയിൽ മൂന്നു കോടി രൂപ ചെലവിൽ പുതിയ ബ്ലോക്ക് നിർമിച്ചപ്പോഴാണ് പഴയ കെട്ടിടത്തിൽ നിന്നും ഒ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ചെറിയ കലത്തിനുള്ളിൽ കെട്ടിടത്തിന് സംഭവിച്ച ബലക്ഷയം നിർമാണത്തിലെ അപാകത മൂലം ഉണ്ടായതാണ്. നഗരസഭ എൻജിനിയറിങ് വിഭാഗം കെട്ടിടത്തിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് ഉടൻ ഓഫിസ് മുറികൾ മാറ്റാൻ നിർദേശിച്ചത്.
മുറിക്കുള്ളിൽ ചോർച്ചയില്ലാത്ത ഭാഗം ഇല്ലെന്നതാണ് അവസ്ഥ. കെട്ടിടത്തിന്റെ ഭിത്തിയിൽ നിന്നും ചുമരുകളിൽ നിന്നും വെള്ളം മുറികളിലേക്ക് പതിക്കുന്നുമുണ്ട്. ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ് കെട്ടിടം.
ഇതിന് മുന്നിലാണ് വാഹന പാർക്കിങ്. ഐ.പിയിലുള്ള രോഗികളെ കാണാൻ എത്തുന്നവരും മറ്റും നിൽക്കുന്നതും ഇവിടെയാണ്. മേൽക്കൂരയിലെ കമ്പികൾ മുഴുവൻ തുരുമ്പിച്ച് നിൽക്കുകയാണ്. ഭിത്തി കെട്ടിയ കല്ലുകളും ഇളകിയതിനാൽ ഏത് നിമിഷവും അടർന്നു വീഴാവുന്ന നിലയിലാണ്.