തെരുവുനായ് ശല്യം രൂക്ഷം; കുയിലൂര്‍ നിവാസികള്‍ ഭീതിയില്‍
text_fieldsകുയിലൂരിൽ ഭീതി പരത്തുന്ന തെരുവുനായ്ക്കള്‍
ഇരിട്ടി: കൂട്ടമായി സഞ്ചരിക്കുന്ന തെരുവുനായ്ക്കള്‍ പടിയൂര്‍ പഞ്ചായത്തിലെ കുയിലൂര്‍ ഗ്രാമത്തെയാകെ ഭീതിയിലാക്കുന്നു. കൂട്ടമായി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് റോന്ത് ചുറ്റുന്ന രീതിയിലാണ് ഇവയുടെ സഞ്ചാരം. പ്രദേശത്ത് നിരവധി വളര്‍ത്തു പൂച്ചകളെയാണ് നായ്ക്കള്‍ കൂട്ടമായി അക്രമിച്ച് കൊല്ലുന്നത്.
പ്രദേശത്ത് പത്തിലധികം പൂച്ചകള്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്കൂള്‍ പ്രവൃത്തി ദിവസം നായ്ക്കളുടെ കൂട്ടം കുയിലൂര്‍ എ.എല്‍.പി സ്കൂള്‍ ഗ്രൗണ്ടില്‍ തമ്പടിച്ചത് ആശങ്കയുണ്ടാക്കി. കഴിഞ്ഞ ദിവസം തെരുവുനായ് കുറുകെ ചാടി കൈയുടെയും കാലിന്റെയും എല്ലുപൊട്ടിയ യുവതി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തെരുവുനായ്ക്കളെ പിടിച്ച് സംരക്ഷിക്കുന്ന എ.ബി.സി കേന്ദ്രം ഊരത്തൂരിലാണ്. എന്നാല്‍, ഇവയെ പിടിച്ച് എ.ബി.സി കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയില്‍ കുയിലൂര്‍ മയില്‍കുന്ന് മുതല്‍ പടിയൂര്‍ പൂവം വരെയുള്ള ഭാഗങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളുന്നതാണ് തെരുവുനായ് ശല്യം രൂക്ഷമാക്കുന്നത്.