ജ്വല്ലറിയിൽനിന്ന് സ്വർണമാലയുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ
text_fieldsമുഹമ്മദ് ഹുസൈൻ
ഇരിട്ടി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി സ്വർണ മാല തട്ടിയെടുത്ത കേസിലെ പ്രതിയെ ഇരിട്ടി പൊലീസ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽനിന്ന് അറസ്റ്റുചെയ്തു. കൃഷ്ണഗിരി സ്വദേശി മുഹമ്മദ് ഹുസൈനാണ് (26) അറസ്റ്റിലായത്. ഇരിട്ടി ടൗണിലെ വിവാ ഗോൾഡിൽ നിന്നാണ് മോഷണം നടത്തിയത്.
സ്വർണം വാങ്ങാനെന്ന വ്യാജേന രണ്ടുപേർ ജ്വല്ലറിയിൽ എത്തി സെയിൽസ്മാനിൽനിന്ന് സ്വർണമാലയും തട്ടിപ്പറിച്ചെടുത്ത് ഓടുകയായിരുന്നു. 2023 നവംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ മറ്റൊരു പ്രതിയായ തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മസർ അബ്ബാസിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. പ്രധാന പ്രതിയായ മുഹമ്മദ് ഹുസൈനിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിനുശേഷം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ പ്രതി പല സംസ്ഥാനങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു.
വിവിധ ഭാഷകൾ സംസാരിക്കാൻ അറിയുന്ന പ്രതി തൊപ്പി, കൂളിങ് ഗ്ലാസ്, ബെൽറ്റ് തുടങ്ങിയവയുടെ വിൽപനയുമായി നടക്കുകയായിരുന്നു. ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകൾ നന്നായി സംസാരിക്കാൻ കഴിയുന്നതിനാൽ പല സംസ്ഥാനങ്ങളിലും സംശയം തോന്നാതെ ഇതുവരെ ഒളിവിൽ കഴിയുകയായിരുന്നു. കർണാടകയിലും തമിഴ്നാട്ടിലും ഇയാൾക്കെതിരെ മോഷണ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരിട്ടി ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്റെ നിർദേശത്തെ തുടർന്ന് പ്രിൻസിപ്പൽ എസ്.ഐ ഷറഫുദ്ദീൻ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ, സി.വി. രജീഷ്, സി. ബിജു, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എ.എം. ഷിജോയ്, കെ.ജെ. ജയദേവൻ എന്നിവർ ചേർന്നാണ് തമിഴ്നാട്ടിൽനിന്നും പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.