ജില്ലയിൽ കുടിവെള്ളമെത്തിക്കുന്ന പഴശ്ശിയും വരളുന്നു...
text_fieldsവെള്ളം വറ്റിക്കൊണ്ടിരിക്കുന്ന പഴശ്ശി ജലസംഭരണി
ഇരിട്ടി: വേനല്‍ കടുത്തതോടെ പഴശ്ശി ജലസംഭരണിയും വരളാന്‍ തുടങ്ങി. ദിവസം കഴിയുന്തോറും ജലനിരപ്പ് കുറയുന്ന അവസ്ഥയാണുള്ളത്. മൂന്നും നാലും സെന്റീമീറ്റര്‍ തോതിലാണ് വെളളം കുറയുന്നത്. ഒരാഴ്ചക്കിടയില്‍ സംഭരണിയില്‍നിന്നും മുക്കാല്‍ മീറ്ററോളം വെള്ളമാണ് കുറഞ്ഞത്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് ജില്ലയിലുള്‍പ്പെടെയുള്ള കുടിവെള്ള വിതരണത്തെയും ബാധിക്കും. ഫെബ്രുവരി ആദ്യവാരം 26.52 മീറ്റര്‍ സംഭരണ ശേഷിയുണ്ടായിരുന്ന പഴശ്ശിയില്‍ ഇപ്പോള്‍ 22.53 മീറ്റര്‍ വെള്ളമാണുള്ളത്. ഒന്നരമാസത്തിനിടയില്‍ 3.99 മീറ്റര്‍ വെള്ളമാണ് കുറഞ്ഞത്. വേനല്‍ മഴ ലഭിക്കാത്തതാണ് പദ്ധതിയിലെ വെള്ളം കുറയാന്‍ ഇടയായത്. സംഭരണ ശേഷി മൂന്ന് മീറ്ററും കൂടി താഴ്ന്നാല്‍ കുടിവെള്ള വിതരണം താളം തെറ്റും.
സംഭരണിയില്‍ 18.50 മീറ്റര്‍ എങ്കിലും വെള്ളമുണ്ടെങ്കില്‍ മാത്രമെ കുടിവെളളത്തിനുള്ള പമ്പിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ സാധിക്കൂ. പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ പല സമയങ്ങളിലായി ലഭിക്കാറുണ്ടായിരുന്ന വേനല്‍ മഴ ഇക്കുറി ഒന്നോ രണ്ടോ മാത്രമാണ് ലഭിച്ചത്. കൂടാതെ കുടക് ജില്ലയില്‍ മഴ കുറഞ്ഞതും പഴശ്ശിക്ക് തിരിച്ചടിയായി. ബ്രഹ്മഗിരി വന്യജീവി സങ്കേത്തതിനുള്ളിലെ പല നീരുറവകളും കടുത്ത വേനലില്‍ വറ്റി വരണ്ടതോടെ ബാരാപോള്‍ പുഴയിലെക്കുള്ള നീരൊഴുക്കില്‍ വലിയ കുറവുണ്ടായി.
ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളുടെ ഭാഗമായി വരുന്ന ബാവലി പുഴയിലും നീരൊഴുക്കില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. വനത്തില്‍നിന്നും ഉത്ഭവിക്കുന്ന, കക്കുവ, ചീങ്കണിപ്പുഴകളില്‍ ഒഴുക്ക് പൂര്‍ണ്ണമായും നിലച്ചു. മലയോര മേഖലയില്‍നിന്നും ബാവലി, ബാരാപോള്‍ പുഴകളിലേക്കെത്തുന്ന ചെറുനീരുറവകളും വറ്റി വരണ്ടു. ജില്ലയിലെ മൂന്നില്‍ രണ്ട് പ്രദേശങ്ങളിലും കുടിവെള്ളമെത്തുന്നത് പഴശ്ശി പദ്ധതിയില്‍ നിന്നാണ്. 250 ദശലക്ഷം മീറ്ററിലധികം വെള്ളമാണ് പഴശ്ശി പദ്ധതിയില്‍നിന്നും ദിനംപ്രതി കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്. ഒരു കോര്‍പറേഷന്‍, ഏഴ് നഗരസഭ, 36 പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ വേനല്‍ക്കാലമെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ കുടിവെള്ളമെത്തിക്കുന്നത് പഴശ്ശിയില്‍ നിന്നാണ്.


