Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightകണ്ണൂർ വാണിയപ്പാറ...

കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ഇന്ന് തുറക്കും

text_fields
bookmark_border
കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ഇന്ന് തുറക്കും
cancel

ഇരിട്ടി: വാണിയപ്പാറ പള്ളിസെമിത്തേരിയിലെ കല്ലറ ബുധനാഴ്ച തുറന്ന് പരിശോധിക്കും. വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളിസെമിത്തേരിയിലെ 38ാം നമ്പർ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ പായയിൽ പെതിഞ്ഞനിലയിൽ മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു കണ്ടതിൽ സംശയനിവാരണം വരുത്തുന്നതിനാണ് കല്ലറ തുറക്കുന്നത്. ഇതിനുള്ള അനുമതി തലശ്ശേരി ആർ.ഡി.ഒ കോടതി പൊലീസിന് നൽകി. കഴിഞ്ഞദിവസം റൂറൽ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, പേരാവൂർ ഡിവൈ.എസ്.പി മോഹനചന്ദ്രൻ, കരിക്കോട്ടക്കരി സി.ഐ എൻ. പ്രശാന്ത് എന്നിവർ പള്ളി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ശാസ്ത്രീയപരിശോധന നടത്താൻ തീരുമാനിച്ചത്.

ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ കല്ലറയിൽ മൃതദേഹത്തിന് സമാനമായി കണ്ടെത്തിയ വസ്തു മൂന്നാമതൊരു മൃതശരീരം ആണോയെന്ന് ഉറപ്പുവരുത്തണമെന്ന് കാണിച്ച് കരിക്കോട്ടക്കരി പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിലേക്കെത്തിയത്. ഇതിന്റെ ഭാഗമായാണ് കരിക്കോട്ടക്കരി സി.ഐ എൻ. പ്രശാന്ത് ചൊവ്വാഴ്ച കല്ലറ തുറക്കാനുള്ള അനുമതിതേടി തലശ്ശേരി ആർ.ഡി.ഒ കോടതിയിൽ അപേക്ഷ നൽകിയത്.

നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ബന്ധപ്പെട്ടവരുടെ സാന്നിധ്യത്തിലായിരിക്കും ബുധനാഴ്ച രാവിലെ കല്ലറ തുറക്കുകയെന്ന് പൊലീസ് അറിയിച്ചു. കല്ലറയിൽ കണ്ടെത്തുന്ന വസ്തുവിൽ അസ്വാഭാവികത തോന്നിയാൽ ശാസ്ത്രീയ അന്വേഷണത്തിനുള്ള സാമ്പിളും അവിടെനിന്നുതന്നെ ശേഖരിക്കും. ഇരിട്ടി തഹസിൽദാർ ഉൾപ്പെടെയുള്ളവരുടെ സന്നിധ്യമുണ്ടാകും.

വാണിയപ്പാറയിൽ കാണാതായി എന്ന് സംശയിക്കുന്ന വിലങ്ങാട് സ്വദേശി ആലപ്പാട്ട് സിജോ സ്‌കറിയയുടെ ബന്ധുക്കൾ ഉൾപ്പെടെ കല്ലറയിലെ മൃതദേഹത്തിൽ സംശയമുന്നയിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സിജോയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിയിരുന്നു.

കല്ലറയിൽ 2015ൽ അടക്കിയ ജയിംസിന്റെ ബന്ധുക്കൾ പള്ളിയിലെത്തി ഇടവക വികാരിയോട് സംസ്‌കാരസമയത്ത് നടന്ന കാര്യങ്ങൾ വിശദീകരിച്ചിരുന്നു. 2006ലും കല്ലറയിൽ സംസ്‌കാരം നടത്തിയിരുന്നു. ജയിംസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് കല്ലറയിൽ അറക്കപ്പൊടിയും മണലും നിരത്തി തുണിവിരിച്ചതായും പെട്ടിയിലാണ് സംസ്‌കരിച്ചത് എന്നുമാണ് ബന്ധുക്കൾ പറയുന്നത്. സംസ്‌കാരസമയത്ത് മറ്റ് മൃതദേഹങ്ങൾ ഒന്നുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെയാണ് കല്ലറയിൽ കണ്ടെത്തിയ മൃതദേഹംപോലെ തോന്നിക്കുന്ന മൂന്നാമത്തെ വസ്തു എന്താണെന്ന് ഉറപ്പുവരുത്തണമെന്ന് ഇടവകവികാരിയും ജനങ്ങളും ആവശ്യപ്പെട്ടത്.

Show Full Article
TAGS:tomb kannur Latest News 
News Summary - The tomb in Vaniyappara will be opened today
Next Story