മുരളലിൽ പകച്ച് കാക്കയങ്ങാട്
text_fieldsപുലി പന്നിക്കെണിയിൽ കുരുങ്ങിയതറിഞ്ഞ് കാണാനായി എത്തിയ ജനക്കൂട്ടം
ഇരിട്ടി: കാക്കയങ്ങാട് ടൗണിലെ പ്രകാശന്റെ ഭീതി ഇനിയും മാഞ്ഞിട്ടില്ല. കൺമുന്നിൽ കണ്ട പുലിയുടെ രൂപവും ഭയപ്പെടുത്തുന്ന മുരളലും കേട്ട് പ്രകാശൻ പിന്നെ ഒന്നും നോക്കിയില്ല, ജീവനും കൊണ്ട് ഓടി.
ശ്വാസം നേരെ വീണത് വീട്ടിലെത്തിയപ്പോഴാണ്… മലയോര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തെങ്കിലും, അവസാനം മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് ടൗണിനടുത്ത് ജനവാസ മേഖലയിൽ പന്നിക്കൊരുക്കിയ കെണിയിൽ കുരുങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് ടൗണിനടുത്ത് പി.കെ. പ്രകാശിന്റെയും സഹോദരി ശ്രീജയുടെയും ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ പുലിയെ കെണിയിൽ കുടുങ്ങിയ നിലയിൽ കാണപ്പെട്ടത്. പ്രകാശൻ ടാപ്പിങ് ജോലി കഴിഞ്ഞ് തന്റെ തോട്ടത്തിൽ പച്ചക്കറി ശേഖരിക്കാൻ വളർത്തു പട്ടിയെയും കൂട്ടി പോയതായിരുന്നു.
കൃഷിയിടത്തിൽ എത്തുന്നതിനിടെ കുറ്റിക്കാട്ടിൽനിന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് പട്ടി കുരച്ചുചാടി. ഉടൻ തന്നെ പട്ടി വീട്ടിലേക്ക് ഭയന്നോടി. സംശയം തോന്നിയ പ്രകാശൻ പട്ടി കുരച്ച് ചാടിയ ഭാഗത്തേക്ക് നോക്കുന്നതിനിടെ വലിയ മൃഗത്തിന്റെ മുരളൽ ശബ്ദം കേട്ടതോടെ കൃഷിയിടത്തിൽനിന്ന് വീട്ടിലേക്ക് ജീവനുംകൊണ്ട് ഓടി.
സമീപവാസികളെത്തി നടത്തിയ പരിശോധനയിലാണ് പുലിയാണെന്ന് മനസ്സിലായത്. സണ്ണി ജോസഫ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. പുലിയെ കാട്ടിൽ എവിടെയാണ് തുറന്നു വിടുന്നതെന്ന കാര്യം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഡി.എഫ്.ഒ.യെ തടഞ്ഞ് പ്രതിഷേധിച്ചു.
വനംവകുപ്പ് കേസെടുത്തു
ഇരിട്ടി: ജനവാസമേഖലയിൽ പന്നിക്കുവെച്ച കെണിയിൽ പുലി കുടുങ്ങിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. വനം വകുപ്പ് കൊട്ടിയൂർ റേഞ്ചാണ് അസ്വാഭാവികമായ നിലയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കൊട്ടിയൂർ റേഞ്ചർ അറിയിച്ചു.