ഇല്ലാത്ത ബഫർസോണിന്റെ പേരിൽ കുരുക്ക്; വീടെന്ന സ്വപനം തകർന്ന് രണ്ടു കുടുംബങ്ങൾ
text_fieldsമഹേഷും സുരേഷ് കുമാറും നിർമാണം നടന്നുകൊണ്ടിരിക്കുന്ന തങ്ങളുടെ വീടുകൾക്ക് മുന്നിൽ
ഇരിട്ടി: ഡാമുകളോട് ചേർന്നുള്ള ജനവാസ മേഖല ബഫർ സോൺ ആക്കിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചതായി വകുപ്പ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടും, ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടും അംഗീകരിക്കാതെ, ഇല്ലാത്ത ബഫർസോണിന്റെ മറവിൽ പഴശ്ശി ജലസേചന വിഭാഗത്തിന്റെ കുരുക്കിൽ വീണ് വീടെന്ന സ്വപ്നം പൊലിഞ്ഞ് രണ്ടു കുടുംബങ്ങൾ.
പഴശ്ശി പദ്ധതിയോട് ചേർന്ന് പായം പഞ്ചായത്തിലെ തന്തോട് അളപ്രറയിൽ വീട് നിർമാണത്തിനായി അപേക്ഷ നൽകിയ കുടുംബങ്ങളെയാണ് പഴശ്ശി ജലസേചന വിഭാഗം അധികൃതർ വട്ടം കറക്കുന്നത്. ബഫർ സോൺ ഉത്തരവ് സർക്കാർ മരവിപ്പിച്ചതായും അതിന്റെ പേരിൽ ഒരു കുടുംബത്തെയും കഷ്ടപ്പെടുത്തരുതെന്നും കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ എം.എൽ.എയും മറ്റ് ജനപ്രതിനിധികളും പഴശ്ശി ജലസേചന വിഭാഗം ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. എന്നിട്ടും ബഫർ സോണിന്റെ പേരിൽ നിരാക്ഷേപപത്രം നൽകുന്നത് പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയാണ്.
പായം പഞ്ചായത്തിലെ അളപ്രയിൽ മാവില വീട്ടിൽ എം. സുരേഷ് കുമാർ, വട്ടപ്പാറ മഹേഷ് എന്നിവരാണ് വീടിന്റെ അടിത്തറയും ചുമരും പൂർത്തിയാക്കി ജലസേചന വിഭാഗത്തിന്റെ എൻ.ഒ.സിക്കായി ഓഫിസുകൾ കയറിയിറങ്ങുന്നത്. താലൂക്ക് സർവേയർ അളന്നുതിട്ടപ്പെടുത്തിയ പ്ലാനും സ്കെച്ചും സഹിതമാണ് അപേക്ഷ നൽകിയിരുന്നത്. ആറുമാസം മുമ്പ് നൽകിയ ഇത്തരം അപേക്ഷകളാണ് പലകാരണങ്ങൾ പറഞ്ഞ് അധികൃതർ കണ്ടില്ലെന്നുവെക്കുന്നത്.
പഴശ്ശി പദ്ധതി ഭൂമിയുമായി അതിർത്തി പങ്കിടുന്നതാണെങ്കിലും പദ്ധതി പ്രദേശത്തേക്ക് കൈയേറ്റമൊന്നുമില്ലെന്നും ബഫർസോൺ സംബന്ധിച്ച ഉത്തരവ് മരവിപ്പിച്ചതിനാൽ പ്രസ്തുത അപേക്ഷകർക്ക് നിർമാണ പ്രവർത്തനങ്ങൾക്ക് നിരാക്ഷേപ പത്രം നൽകാമെന്നും പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ രേഖാമൂലം അറിയിച്ചിരുന്നു. ഈ ഉത്തരവ് നിലനിൽക്കേയാണ് പുതിയ വാദവുമായി ജലസേചന വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
ജലസംഭരണ ശേഷി പരിശോധിക്കണമെന്നാണ് ഇപ്പോൾ അപേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അധികൃതരുടെ നടപടിക്കെതിരെ അടുത്ത ദിവസം പഴശ്ശി പദ്ധതിയുടെ ഓഫിസിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മഹേഷിന്റെയും സുരേഷിന്റെയും കുടുംബങ്ങൾ പറഞ്ഞു. ഇരു കുടുംബങ്ങളും ഇപ്പോൾ വാടകവീട്ടിൽ കഴിയുകയാണ്.