കരിക്കോട്ടക്കരി വില്ലേജ് ഓഫിസ്; ഭൂമിയുണ്ട്, കെട്ടിടത്തിന് സർക്കാർ കനിയണം
text_fieldsവില്ലേജ് ഓഫിസ് പണിയാന്‍ ഹൗസിങ് ബോര്‍ഡ് അനുവദിച്ച സ്ഥലം
ഇരിട്ടി: കരിക്കോട്ടക്കരി വില്ലേജ് ഓഫിസിന് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ശക്തമാവുന്നു. അയ്യങ്കുന്ന് വില്ലേജ് വിഭജിച്ച് ആറളം വില്ലേജിലെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് 2021ൽ കരിക്കോട്ടക്കരി വില്ലേജ് രൂപവത്കരിച്ചത്. മലയോര മേഖലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി കര്‍ഷകര്‍ക്കും മറ്റു ജനവിഭാഗങ്ങള്‍ക്കും ആശ്വാസമായാണ് വില്ലേജ് നിലവിൽ വന്നത്.
രൂപവത്കരണ ഘട്ടത്തില്‍ കരിക്കോട്ടക്കരി ടൗണിലെ വാടക കെട്ടിടത്തില്‍ ഓഫിസിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ദിവസേന നൂറുകണക്കിന് ആളുകള്‍ എത്തിച്ചേരുന്ന വില്ലേജ് ഓഫിസ് തീരെ സൗകര്യമില്ലാത്ത വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് നിലവിൽ ജനങ്ങള്‍ക്ക് വലിയ ദുരിതമാവുകയാണ്. 2004ല്‍ ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള 10 സെന്റ് ഭൂമി വില്ലേജ് ഓഫിസിന് കെട്ടിടം നിർമിക്കുന്നതിനായി വിട്ടു നല്‍കിയിരുന്നു.
എന്നാല്‍, ഭൂമി കിട്ടിയിട്ടും കെട്ടിടം നിർമിക്കാന്‍ അധികൃതർ തയാറായില്ല. ഇതോടെ മേഖലയിലെ ജനങ്ങളും പൊതുപ്രവര്‍ത്തകരും നിരാശയിലാണ്. വില്ലേജ് ഓഫിസിന് കെട്ടിടം നിർമിക്കാനായി ഫണ്ടനുവദിക്കാൻ സി.പി.ഐ അയ്യങ്കുന്ന് ലോക്കല്‍ കമ്മിറ്റി റവന്യൂ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.