കാട്ടുപന്നി ശല്യം; കർഷകന് പരിക്ക്
text_fieldsഉളിയിൽ - നെല്യാട്ടേരി റോഡിലെ സി. കരുണന്റെ വാഴത്തോട്ടം കാട്ടുപന്നി നശിപ്പിച്ച നിലയിൽ
ഇരിട്ടി: പായം പഞ്ചായത്തിലെ പെരുവംപറമ്പിൽ കൃഷിയിടത്തിൽ നിന്നു കാട്ടുപന്നിയുടെ അക്രമമേറ്റ് കർഷകനു പരിക്ക്. മാഠത്തിൽ സ്വദേശി ജോണി യോയാക്കിനാണ് പരിക്കേറ്റത്. പാട്ടത്തിനെടുത്ത സ്ഥലത്ത് ആയിരത്തോളം വാഴകളാണ് കൃഷി ചെയ്യുന്നത്. വാഴക്ക് വെള്ളം നനക്കാൻ വേണ്ടിയാണ് ശനിയാഴ്ച പുലർച്ചെ അഞ്ചരയേടെ ജോണി കൃഷിയിടത്തിലെത്തുന്നത്.
വെള്ളം നനക്കാനുള്ള ശ്രമത്തിനിടയിലാണ് കാട്ടുപന്നി ആക്രമിക്കുന്നത്. കൈക്കും കാലിനും പരിക്കേറ്റ ജോണി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ജോണിയുടെ പരാതിയിൽ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും നിരവധി തവണ കാട്ടുപന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചിരുന്നു.ഉളിയിൽ അത്ത പുഞ്ചയിലെ അതുൽ നിവാസിലെ സി. കരുണന്റെ വാഴത്തോട്ടവും കഴിഞ്ഞ ദിവസം കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചു.
ഉളിയിൽ-നെല്യാട്ടേരി റോഡിൽ ഒരേക്കറോളം സ്ഥലത്തെ ചെറുതും വലുതുമായ നിരവധി വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ നൂറ്റി അമ്പതിലധികം വാഴകൾ പന്നികൾ നശിപ്പിച്ചതായി കരുണൻ പറഞ്ഞു.സ്ഥലം പാട്ടത്തിനെടുത്ത് വയ്പ ഉൾപ്പടെ സംഘടിപ്പിച്ചാണ് കൃഷി തുടങ്ങിയത്. കൃഷിക്ക് ചുറ്റിലും വേലിയൊക്കെ സ്ഥാപിച്ചെങ്കിലും ഇതൊക്കെ പൊളിച്ചാണ് പന്നി കൃഷിസ്ഥലത്തെക്ക് കയറുന്നത്. പന്നിശല്യം മൂലം ഒരു കൃഷിയും നടത്താൻ കഴിയുന്നില്ലെന്നും കാർഷിക വൃത്തിയിൽ നിന്ന് പിന്മാറേണ്ട അവസ്ഥയാണെന്നും കരുണൻ പറഞ്ഞു.