അയ്യൻകുന്നിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
text_fieldsകാട്ടാന നശിപ്പിച്ച കൃഷിയിടം ജനപ്രതിനിധികൾ സന്ദർശിക്കുന്നു
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വൻ കൃഷി നാശം വരുത്തി. നിരവധി കർഷകരുടെ വാഴ, തെങ്ങ്, കമുങ്ങ്, കശുവണ്ടി എന്നിവ വ്യാപകമായി നശിപ്പിച്ചു.
വനപാലക സംഘം എത്തി ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. ദേവസ്യ ചാമക്കാലായിൽ, ബിജുചാമക്കാലായിൽ, തോമസ് മച്ചേരിക്കാലയിൽ, ജോണി ആലഞ്ചേരി, സാബു ആലഞ്ചേരി എന്നിവരുടെ കൃഷിയിടത്തിലാണ് വലിയ നാശമുണ്ടാക്കിയത്.
കഴിഞ്ഞ രാത്രിയാണ് ആനക്കൂട്ടം എത്തിയത്. ആറളം, കൊട്ടിയൂർ വന മേഖലയിൽ നിന്നും കർണാടകയുടെ ബ്രഹ്മഗിരി വനമേഖലയിൽ നിന്നും ബാരാപോൾ പുഴകടന്നും എത്തുന്ന ആനകളേയും പ്രതിരോസധിക്കാൻ ബാരാപോൾ പുഴ അതിർത്തിയിലും വനമേഖല അതിർത്തിയിലും ലക്ഷങ്ങൾ മുടക്കി തൂക്കിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലെ പൊന്തക്കാടുകളിൽ താവളമാക്കിയ ആനകളാണ് വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി നാശം ഉണ്ടാക്കുന്നത്. ആനക്കൂട്ടം നാശം വരുത്തിയ കൃഷിയിടം പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പരിശോധിച്ചു.