മുൾമുനയിൽ നിർത്തി കാട്ടുകൊമ്പൻ; സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചു
text_fieldsകർണ്ണാടകയുടെ ബ്രഹ്മഗിരി വനമേഖലയിൽ നിന്ന് എത്തി കൂട്ടുപുഴ പാലത്തിൽ നിലയുറപ്പിച്ച കാട്ടുകൊമ്പൻ
ഇരിട്ടി: മൈസൂർ അന്തർ സംസ്ഥാന പാതയിൽ കൂട്ടുപുഴ പാലത്തിൽ നിലയുറപ്പിച്ച കാട്ടുകൊമ്പൻ ഒരുമണിക്കൂർ ഗതാഗതം സ്തംഭിപ്പിച്ചു. ബുധനാഴ്ച രാവിലെ 11ഓടെയാണ് മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് കാട്ടുകൊമ്പൻ കൂട്ടുപുഴ പാലത്തിലേക്ക് നടന്നു നീങ്ങിയത്. പാലത്തിന്റെ പകുതി വരെ എത്തിയ കൊമ്പൻ അവിടെ നിലയുറപ്പിച്ചു. ഇരിട്ടി ഭാഗത്തുനിന്നും മാക്കൂട്ടം ഭാഗത്തുനിന്നും എത്തിയ വാഹനങ്ങൾ പാലത്തിന്റെ ഇരുകരകളിലുമായി നിർത്തിയിട്ടു.
ഇതുവഴി വന്ന ചരക്ക് ലോറിക്ക് നേരെയും ആന തിരിഞ്ഞു. കുട്ടുപുഴ ഭാഗത്ത് പൊലീസിന്റെയും എക്സൈസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ജീവനക്കാരും വാഹന യാത്രക്കാരും നാട്ടുകാരും ശബ്ദമുണ്ടാക്കിയും മറ്റും ആനയെ വനത്തിലേക്ക് കയറ്റാനുള്ള ശ്രമം നടത്തി. ഇതിനിടയിലാണ് പാലത്തിന്റെ മറുകരയിൽ നിർത്തിയ വാഹനങ്ങൾക്ക് നേരെയും ആന തിരിഞ്ഞത്. മാക്കൂട്ടം ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും കർണാടക വനപാലകസംഘവും സ്ഥലത്തെത്തി.
കൊമ്പൻ കേരളത്തിന്റേതെന്ന് കർണാടക വനപാലകർ
ഇതിനിടയിൽ കൊമ്പൻ കേരളത്തിന്റെതാണെന്നും പറഞ്ഞ് കർണാടക വനപാലക സംഘം സ്ഥലം വിട്ടു. പിന്നാലെ കൂട്ടുപുഴയിലെത്തിയ ഇരട്ടി സെക്ഷന്റെ നേതൃത്വത്തിലുള്ള വനപാലകർ പാലത്തിൽ നിന്ന് ആനയെ പടക്കം പൊട്ടിച്ചും മറ്റും തുരത്താൻ ശ്രമം നടത്തി. സ്നേഹ ഭവന്റെ സമീപത്തെ റോഡിലൂടെ വനത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും വനപാലക സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. സൈറൺ മുഴക്കിയും പടക്കം പൊട്ടിച്ചും കാട്ടാനയെ ബ്രഹ്മഗിരി വനമേഖലയിലേക്ക് കയറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.


