മട്ടന്നൂരിൽ ലക്ഷങ്ങള്‍ തട്ടിയെടുത്ത് ജ്വല്ലറി ഉടമകള്‍ മുങ്ങി
text_fieldsകണ്ണൂര്‍: പഴയ സ്വര്‍ണാഭരണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ അതേ തൂക്കത്തിന് പുതിയ സ്വര്‍ണാഭരണം നല്‍കുമെന്നും ആഴ്ചയിലും മാസത്തിലും നിശ്ചിത തുക നിക്ഷേപിച്ചാല്‍ മുന്‍കൂറായി സ്വര്‍ണാഭരണം നല്‍കുമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ജ്വല്ലറി ഉടമകള്‍ മുങ്ങി.
സംഭവത്തിൽ മട്ടന്നൂരിലെ മൈ ഗോള്‍ഡ് ജ്വല്ലറി പാര്‍ട്ണര്‍മാരായ മുഴക്കുന്നിലെ തഫ്സീര്‍, ഫാസില്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെ കൂത്തുപറമ്പ് എ.സി.പി കെ.വി. പ്രമോദിന്റെ നിര്‍ദേശപ്രകാരം മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തട്ടിപ്പിനിരയായ എളമ്പാറയിലെ ഷഫീലിന്റെ പരാതിയിലാണ് കേസെടുത്തത്. ഷഫീല്‍ പരാതി നല്‍കിയതിന് പിറകെ നിരവധിപേര്‍ സമാന പരാതിയുമായി മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പഴയ സ്വര്‍ണാഭരണത്തിന് അതേ തൂക്കത്തില്‍ പുതിയ സ്വര്‍ണാഭരണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഷഫീലില്നിന്ന് 19.47 ലക്ഷം രൂപ വിലമതിക്കുന്ന പഴയ സ്വര്ണാഭരങ്ങൾ കൈക്കലാക്കി.
എന്നാല്‍, പുതിയ സ്വര്‍ണാഭരണം നല്കാന് തയാറായില്ല. പണം തിരിച്ചു നല്‍കിയതുമില്ല. ഇതേത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ആഴ്ചയിലും മാസത്തിലും നിശ്ചിത തുക നിക്ഷേപിച്ചാല്‍ ഒരു ഘട്ടമെത്തുമ്പോള്‍ നിക്ഷേപിച്ച തുകയേക്കാള്‍ കൂടുതല്‍ രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണം നല്‍കുമെന്നായിരുന്നു ജ്വല്ലറിയുടെ മറ്റൊരു വാഗ്ദാനം. ബാക്കി തുക ഗഡുക്കളായി തിരിച്ചടച്ചാല്‍ മതിയെന്നും പ്രചരിപ്പിച്ചു. ഈ വാഗ്ദാനത്തില്‍ വിശ്വസിച്ച് നൂറുകണക്കിന് ആളുകളാണ് സ്കീമില്‍ ചേര്‍ന്നത്.
പണം നിക്ഷേപിച്ച അവര്‍ക്കും ആഭരണമോ പണമോ ലഭിച്ചില്ല. ജ്വല്ലറി ഇപ്പോള്‍ അടച്ചനിലയിലാണ്. ഇതോടെയാണ് വഞ്ചിക്കപ്പെട്ട കാര്യം ഉപഭോക്താക്കള്‍ക്ക് മനസ്സിലായത്. ജ്വല്ലറി പാര്‍ട്ണര്‍മാര്‍ എവിടെയാണെന്ന് വ്യക്തമല്ല. ഒളിവിലാണെന്നാണ് സൂചന. ഇൻസ്പെക്ടർ എ. അനില്‍ കുമാര്‍, എസ്.ഐ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.