ചേറ്റുപാടക്കരയിലെ കാക്കപ്പൂ...
text_fieldsകാക്കപ്പൂവ്
പയ്യന്നൂർ: കവിയുടെ മനസ്സിൽ പ്രേമസംഗീതമായി വിരിഞ്ഞ ശ്യാമസുന്ദര പുഷ്പം കാക്കപ്പൂവാകാനാണ് സാധ്യത. പ്രണയവും സൗന്ദര്യവുമൊക്കെ പലരും വർണിച്ചിട്ടുണ്ടെങ്കിലും പൂജക്കെടുക്കാത്ത ചേറ്റുപാടക്കരയിലെ ഈ സുന്ദരിയുടെ നൊമ്പരത്തെക്കുറിച്ച് പാടിയത് കവി പി.കെ. ഗോപിയാണ്. പൂജാപുഷ്പങ്ങളിൽ അയിത്തം കൽപിച്ചു മാറ്റിനിർത്തുന്ന ഈ സുന്ദരിയെ പക്ഷേ, ഓണപ്പൂക്കളിൽ ഒഴിവാക്കാനാവില്ല.
വരണ്ടുണങ്ങിയ പാടങ്ങളിലും പാറപ്പുറത്തും നീലവസന്തം തീർക്കുന്ന കാക്കപ്പൂവ് പൂക്കളത്തിന് നൽകുന്ന സൗന്ദര്യം വിവരണാതീതമാണ്. മണ്ണിനോട് ചേർന്നു വളരുന്ന ചെറിയ സസ്യമാണിത്. ഒന്നോ രണ്ടോ ചെടികൾക്കു പകരം പ്രദേശം മുഴുവൻ പരന്നുകിടക്കും ഇവ. എല്ലാ ചെടികളും ഒരേസമയം പുഷ്പിക്കുകയും ചെയ്യും. ഇതുവഴി ഒരു പ്രദേശം മുഴുവൻ ശ്യാമവർണാംഗിതമാക്കാൻ ഈ ചെറുസസ്യത്തിനാവുന്നു. നെൽകൃഷിയില്ലാത്ത വയലിലും മഴ പെയ്ത് ഈർപ്പമുള്ള പാറപ്പുറത്തും ഇവ സമൃദ്ധമായി വളരും.
ജില്ലയിൽ മാടായിപ്പാറയിലെ കാക്കപ്പൂവസന്തം പ്രസിദ്ധമാണ്. പാറപ്പുറങ്ങളിലെ പൂക്കളെക്കാൾ വലുപ്പം കൂടും നെൽവയലിൽ വളരുന്നവക്ക്. ചെറുതായതിനാൽ കാക്കപ്പൂവിന് നെല്ലിപ്പൂവ് എന്ന വിളിപ്പേരുമുണ്ട്. വേരുകളിലെ ചെറിയ അറകളിലൂടെ സൂക്ഷ്മജീവികളെ ഇവ ആഹരിക്കാറുണ്ട്. ഓണപ്പൂക്കളങ്ങളിൽ പ്രഥമ സ്ഥാനം കാക്കപ്പൂവിനു ലഭിക്കാൻ കാരണം ഇതിന്റെ സൗന്ദര്യവും ഓണക്കാലത്ത് പുഷ്പിക്കുന്നതുമാണ്. ശാസ്ത്രനാമം യൂട്രിക്കുലേറിയ റെറ്റിക്കുലേറ്റ. കുടുംബം ലെൻറിബുലേറിയേസിയേ.