കണ്ണപുരം സ്ഫോടനം: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
text_fieldsകണ്ണപുരം: കീഴറയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ കൂടി കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. പടുവിലായി സ്വദേശി പി. അനീഷ് (36), ഉരുവച്ചാൽ സ്വദേശി പി. രഹീൽ (33) എന്നിവരെയാണ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ അനൂപ് മാലിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങളാണ് ഈ അറസ്റ്റിലേക്ക് നയിച്ചത്.
കഴിഞ്ഞ 30ന് പുലർച്ച 1.50നാണ് കണ്ണപുരം കീഴറയിലെ ഒരു വാടക വീട്ടിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിനും സമീപത്തെ മറ്റു വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഊർജിതമായി നടക്കുകയാണ്.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ നിധിൻരാജിന്റെ നിർദേശപ്രകാരം എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.