അന്ന് പൊടിക്കുണ്ട് ഇന്ന് കീഴറ; നാടിനെ ഞെട്ടിച്ച് പൊട്ടിത്തെറികൾ
text_fieldsസ്ഫോടനത്തിൽ തകർന്ന വീട്ടിൽ ബാക്കിയായ ഒരു മുറിയിൽനിന്നുള്ള ദൃശ്യം -ബിമൽ തമ്പി
കണ്ണൂര്‍: കണ്ണപുരം കീഴറയിലെ വൻ സ്ഫോടന വിവരമറിഞ്ഞാണ് കണ്ണൂരുകാർ ശനിയാഴ്ച ഉണർന്നത്. ഒന്നിലേറെ പേർ കൊല്ലപ്പെട്ടതായും രാഷ്ട്രീയ സംഘർഷങ്ങളിലേക്ക് നയിക്കുന്ന പൊട്ടിത്തെറിയാണ് നടന്നതെന്നുമാണ് ആദ്യം പ്രചരിച്ചത്. സമാധാനാന്തരീക്ഷത്തിൽ പോകുന്ന നാട്ടിൽ നടന്ന സ്ഫോടനത്തിൽ ജനം ഞെട്ടിയതുപോലെ പൊലീസും പരക്കംപാഞ്ഞു.
അനധികൃത വെടിമരുന്ന് നിർമാണത്തിനിടയിലെ സ്ഫോടനമാണെന്ന് വൈകാതെ പുറത്തറിഞ്ഞു. എന്നാൽ, രാഷ്ട്രീയ ബോംബിനെക്കാൾ ദുരൂഹതയുള്ള മറ്റൊരു ഗുണ്ടാണ് കണ്ടെത്താനായത്. ഒമ്പതുവർഷംമുമ്പ് പൊടിക്കുണ്ടില്‍ നടന്ന വന്‍ സ്ഫോടനത്തിലെ പ്രതി അനൂപ് മാലിക് തന്നെയാണ് കീഴറയില്‍ ഗുണ്ടുകളും വെടിമരുന്നും അനധികൃതമായി നിര്‍മിക്കുന്നതിന് പിറകിലും പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായി.
2016 മാര്‍ച്ച് 24ന് രാത്രിയാണ് പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിക്ക് സമീപത്തെ വീട്ടില്‍ വന്‍ സ്ഫോടനം നടന്നത്. 17ഓളം വീടുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു. 10 കോടിയുടെ നഷ്ടമാണ് അന്ന് അനൗദ്യോഗികമായി കണക്കാക്കിയത്.
എന്നാല്‍, സര്‍ക്കാര്‍ കണക്കുകൂട്ടിയത് നാല് കോടിയുടെ നഷ്ടമാണ്. അനൂപ് മാലിക്കിനെക്കൂടാതെ, ഭാര്യ റാഹില ഉള്‍പ്പെടെ മൂന്നുപേര്‍ക്കുകൂടി പരിക്കേറ്റിരുന്നു. ഈ വീട്ടില്‍നിന്ന് ക്ഷേത്രോത്സവങ്ങള്‍ക്ക് കതിനകളും ഗുണ്ടുകളും മറ്റും നിര്‍മിച്ച് നല്‍കുകയായിരുന്നു. 2020 ജനുവരി 26ന് ചാലക്കുന്ന് കോർപറേഷൻ ശ്മശാന പറമ്പിലെ ഒഴിഞ്ഞ കെട്ടിടത്തിൽ 230 കിലോ സ്ഫോടകവസ്തുക്കളും 30 ഗുണ്ടുകളും കണ്ടെടുത്ത സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അനൂപിനെതിരെ കേസെടുത്തിരുന്നു. ഇത്തരത്തിൽ നിയമവിരുദ്ധമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് മറ്റു കേസുകളുമെന്നാണ് വിവരം.
തുടർച്ചയായി സ്ഫോടനക്കേസുകളിൽ ഉൾപ്പെട്ടയാളായിരുന്നിട്ടും അനൂപ് മാലിക് കണ്ണപുരത്തെ വീട്ടിലെത്തിയതും ഗുണ്ട് നിർമാണത്തിലും വിൽപനയിലും ഏർപ്പെട്ടതും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അറിയാത്തത് വൻ വീഴ്ചയാണ്. ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണം നടക്കും. തെരഞ്ഞെടുപ്പുകൾ അടുക്കുന്ന സമയത്ത് നടന്ന വൻ പൊട്ടിത്തെറിയെതുടർന്ന് സ്ഫോടക വസ്തുക്കൾക്കായി ജില്ലയിൽ പലയിടങ്ങളിലും പൊലീസ് വ്യാപക പരിശോധന നടത്തി.
വീട്ടില്‍ വൻ സ്ഫോടകശേഖരം
സ്ഫോടനം നടന്ന വീട്ടില്‍നിന്ന് വൻ സ്ഫോടകശേഖരം പൊലീസ് കണ്ടെടുത്തു. വീടിന്റെ തകരാതെ കിടന്ന കോണ്‍ക്രീറ്റ് ഭാഗത്തെ അലമാരയില്‍നിന്നാണ് വെടിമരുന്ന് ശേഖരവും നിരവധി തിരികളും ഉൾപ്പെടെ കണ്ടെടുത്തത്. ഗുണ്ടുകളും ഇവ നിർമിക്കാനുപയോഗിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തു. സ്ഫോടനത്തില്‍ മരിച്ച മുഹമ്മദ് അഷമിന്റെ മൃതദേഹം നീക്കംചെയ്തശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
ആദ്യം ഇടിമിന്നലാണെന്ന് കരുതി, പിന്നാലെ ഞെട്ടൽ
സ്ഫോടനം നടന്ന വീടിന്റെ അയല്‍വാസികള്‍ പുലര്‍ച്ച രണ്ടോടെ കേട്ടത് അത്യുഗ്ര ശബ്ദമാണ്. ഞെട്ടിയുണര്‍ന്നപ്പോള്‍ ആദ്യം കരുതിയത് ഇടിമിന്നലാണെന്ന് അയല്‍വാസിയായ യശോദ പറഞ്ഞു. പിന്നീടാണ് ബോംബ് പൊട്ടിയതാണെന്ന സംശയമുയര്‍ന്നത്. സ്ഫോടനം നടന്ന വീടിന്റെ കിലോമീറ്റര്‍ അകലെവരെ ഉഗ്ര ശബ്ദം കേട്ടിരുന്നു. യശോദയുടെ വീടിനുപുറമെ എം.ബി. ജനിത്ത്, കെ.വി. സുരേഷ്, കെ.വി. ബൈജു, ഗോവിന്ദന് എന്നിവരുടെ വീടുകള്‍ക്കാണ് കാര്യമായ കേടുപാടുകൾ സംഭവിച്ചത്. വീടുകളുടെ വാതിലുകളും ജനലുകളും ശൗചാലയത്തിന്റെ വാതിലുകളും അടക്കം തകര്‍ന്നിരുന്നു. ഓടിട്ട വീടുകളുടെ ഓടുകള്‍ മുഴുവന്‍ ചിതറിത്തെറിച്ചു.
സ്ഫോടനം നടന്ന വീടിനെ ചുറ്റിപ്പറ്റി അടിമുടി ദുരൂഹത
സ്ഫോടനം നടന്ന വീടിനെ ചുറ്റിപ്പറ്റിയും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കീഴറ കൂലോത്തുനിന്ന് അര കിലോമീറ്റര്‍ അകലെ ഉയരത്തില്‍ നിലകൊള്ളുന്നതാണ് സ്ഫോടനം നടന്ന വീട്. ഇതിന്റെ താഴെയാണ് നാശനഷ്ടം സംഭവിച്ച അഞ്ച് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. വീട്ടിലേക്ക് രാത്രികാലങ്ങളിലടക്കം ആളുകള്‍ വരാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.
ഒരു ബൈക്കും സ്കൂട്ടറും വീടിന് സമീപത്ത് സ്ഥിരമായി കാണപ്പെടാറുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ സാക്ഷ്യപ്പെടുത്തി. എന്നിട്ടും പൊലീസിനടക്കം പിടികൊടുക്കാതെ ഇത്രയും നാൾ ഈ സംഘം ഇവിടെ പ്രവർത്തിച്ച് വൻതോതിൽ സ്ഫോടക വസ്തു നിർമാണവും വിൽപനയും നടത്തിയതായാണ് സൂചന. ശനിയാഴ്ചത്തെ സ്ഫോടനത്തിനുശേഷവും വീടിനു സമീപം നീല പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ സൂക്ഷിച്ചനിലയില്‍ ഒരു ബൈക്ക് കാണപ്പെട്ടു. ഈ ബൈക്കും മറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് കൊല്ലപ്പെട്ട മുഹമ്മദ് അഷമിന്റെ ഉടമസ്ഥതയിലുള്ളതാണ്.
അനൂപ് കുമാര്‍ മാലിക്കായി
ചാലാട് ചാക്കാട്ടുപീടിക വീണ വിഹാറിലെ മുകുന്ദന്റെ മകനായ അനൂപ് കുമാര്‍ (53) ആദ്യ ഭാര്യയെ ഉപേക്ഷിച്ചശേഷം പാപ്പിനിശേരി സ്വദേശി റാഹിലക്കൊപ്പം താമസമാക്കുകയായിരുന്നു. റാഹിലയും നേരത്തേ മറ്റൊരു വിവാഹം കഴിച്ചിരുന്നു. പിന്നീട് അനൂപ് മതം മാറി അനൂപ് മാലിക്ക് എന്ന പേര് സ്വീകരിച്ച് റാഹിലയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്. പൊടിക്കുണ്ട് സ്ഫോടനത്തില്‍ മൂത്തമകള്‍ ഹീബക്കും പരിക്കേറ്റിരുന്നു. പൊടിക്കുണ്ട് സ്ഫോടനത്തിനുശേഷം മേലേ ചൊവ്വയിലേക്ക് താമസംമാറ്റിയ അനൂപ് മാലിക്ക് പിന്നീട് പലയിടങ്ങളിലായി വീട് വാടകക്കെടുത്ത് താമസിച്ചുവരുകയായിരുന്നു. നേരത്തേ ജിം പരിശീലകനായിരുന്ന അനൂപ് മാലിക്ക് കുറച്ചുകാലമായി അനധികൃതമായി പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടുവരുകയായിരുന്നു. ഇതിനായാണ് വിവിധ സ്ഥലങ്ങളില്‍ വീട് വാടകക്കെടുത്തിരുന്നത്.
കൊല്ലപ്പെട്ട ഇയാളുടെ ഭാര്യയുടെ സഹോദരനായ മുഹമ്മദ് അഷം ഉൾപ്പെടെയുള്ളവരെയും പിന്നീട് പടക്ക നിര്‍മാണത്തിന്റെ ഭാഗമാക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. പൊടിക്കുണ്ട് സ്ഫോടനക്കേസ് ഇപ്പോള്‍ തലശ്ശേരി ജില്ല സെഷന്‍സ് കോടതി പരിഗണനയിലാണ്. ആറോളം കേസുകളില്‍ പ്രതിയാണ് അനൂപ് മാലിക്കെന്ന് പൊലീസ് പറഞ്ഞു.


